Enter your Email Address to subscribe to our newsletters

Thiruvananthapuram, 9 നവംബര്‍ (H.S.)
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബി.ജെ.പി. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച 67 സ്ഥാനാർഥികളുടെ പട്ടികയിലാണ് ആർ. ശ്രീലേഖയുടെ പേരും ഉൾപ്പെട്ടത്.
ശാസ്തമംഗലം മുൻ ഡി.ജി.പി. ആർ. ശ്രീലേഖ, കൊടുങ്ങാനൂർ വി.വി. രാജേഷ്, പാളയം പത്മിനി തോമസ്, തമ്പാനൂരിൽ കോൺഗ്രസ് വിട്ട് വന്ന തമ്പാനൂർ സതീഷ്, നേമത്ത് എം.ആർ. ഗോപൻ, വഴുതക്കാട് ലത ബാലചന്ദ്രൻ, കഴക്കൂട്ടത്ത് കഴക്കൂട്ടം അനിൽ എന്നിവരാണ് ബി.ജെ.പി കളത്തിലിറക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.
പ്രഖ്യാപനം നടത്തി സംസാരിച്ച രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുമെന്ന് വാഗ്ദാനം ചെയ്തു. തലസ്ഥാനത്തിന്റെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതെന്നും വികസിത അനന്തപുരി എന്നത് പാർട്ടിയുടെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S