Enter your Email Address to subscribe to our newsletters

Kerala, 9 നവംബര്‍ (H.S.)
രാജ്യത്ത് പത്തുവർഷത്തിനിടെ ക്രൈസ്തവവിഭാഗങ്ങളോടുള്ള അതിക്രമങ്ങൾ 500 ശതമാനം വർധിച്ചെന്ന് ക്രൈസ്തവ അവകാശ സംഘടനയായ കൺസേൺഡ് ക്രിസ്ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ. 2014-ൽ 139 അക്രമ സംഭവങ്ങളുണ്ടായിരുന്നത് 2024-ൽ 843 അതിക്രമങ്ങളായി വർധിച്ചെന്ന് സംഘടന ഡൽഹിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 12 വർഷത്തിൽ ക്രൈസ്തവർക്കുനേരേ 4959 അതിക്രമ സംഭവങ്ങളുണ്ടായി. ഈവർഷം സെപ്റ്റംബർ വരെ 579 അതിക്രമങ്ങളുണ്ടായി. അതിൽ 39 എണ്ണത്തിൽമാത്രമേ പോലീസ് എഫ്‌ഐആർ രജിസ്റ്റർചെയ്തിട്ടുള്ളൂ. 2014-2018 കാലയളവിൽ 1052 അക്രമങ്ങളാണുണ്ടായിരുന്നത്. 2019-'22 കാലയളവിൽ 62 ശതമാനം വർധനയോടെ 1711 അക്രമങ്ങളുണ്ടായി.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ വീണ്ടും 28 ശതമാനം വർധനയുണ്ടായി. 2196 അക്രമസംഭവങ്ങളാണ് ഈ കാലയളവിലുണ്ടായതെന്നും സംഘടന ആരോപിച്ചു. കൂടുതൽ സംഘർഷങ്ങളുള്ള യുപി, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കുനേരേയുള്ളതിൽ 76.9 ശതമാനം അതിക്രമങ്ങളും. അതിൽത്തന്നെ 31 ശതമാനം അക്രമങ്ങൾ യുപിയിലും 22 ശതമാനം അക്രമങ്ങൾ ഛത്തീസ്ഗഢിലുമാണെന്നും സംഘടന പത്രസമ്മേളനത്തിൽ പറഞ്ഞു.
നവംബർ 29-ന് ദേശീയ ക്രൈസ്തവസമ്മേളനം 2025 ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിക്കുമെന്നും കൺസേൺഡ് ക്രിസ്ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ കൺവീനർ എ.സി. മൈക്കിൾ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S