അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി
Thiruvananthapuram, 9 നവംബര്‍ (H.S.) റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) ഉന്നതാധികാര സമതി യോഗത്തിൽ സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി നൽകി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെതാണ് തീരുമാനം.വർധിച
CM PINARAYI


Thiruvananthapuram, 9 നവംബര്‍ (H.S.)

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) ഉന്നതാധികാര സമതി യോഗത്തിൽ സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി നൽകി.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെതാണ് തീരുമാനം.വർധിച്ച ടെൻഡർ ചെലവുകളും പദ്ധതികളുടെ നവീകരണ ആവശ്യകതകളും കണക്കിലെടുത്താണ് തീരുമാനം.സംസ്ഥാന ഖജനാവിന് അധികഭാരം വരാതെ നിലവിലുള്ള പ്രോജക്ട് സേവിങ്‌സ് ഉപയോഗിച്ച് ചെലവുകൾ പരിഹരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗം നിർദ്ദേശിച്ചു. റോഡ് വികസനം, ഐ.ടി. സേവനങ്ങൾ, പ്രകൃതിദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങളും ചെലവു വർധനയും പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുകയായിരുന്നു യോഗം.

*നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണം*

പാലക്കാട്ടെ നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണ പദ്ധതിക്ക് എച്ച്.എൽ.ഇ.സി ഉപാധികളോടെ അനുമതി നൽകി. നിയമപരമായ പ്രശ്നങ്ങൾ, കരാറുകാരുടെ പിന്മാറ്റം, ധനസഹായ ഏജൻസിയായ KfWയുടെ ഉപദേശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ പദ്ധതി ദൈർഘ്യം 30.470 കിലോമീറ്ററിൽ നിന്ന് 18.10 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. എന്നാൽ, പുതുക്കിയ ചെലവ് മാനദണ്ഡങ്ങൾ അനുസരിച്ച് ആകെ ചെലവ് ₹105.48 കോടിയിൽ നിന്ന് ₹114.13 കോടിയായി വർദ്ധിച്ചു.

ധനസഹായ ഏജൻസിയായ KfW-യിൽ നിന്ന് അന്തിമ നോ ഒബ്ജക്ഷൻ ലഭിച്ചതിനു ശേഷം മാത്രമേ പുതുക്കിയ ഭരണാനുമതി ഔദ്യോഗികമായി അനുവദിക്കുകയുള്ളൂ.

*റോഡ് ടെൻഡർ അധികച്ചെലവ് അനുവദിച്ചു*

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നാല് പ്രധാന റോഡ് പദ്ധതികളുടെ ടെൻഡർ അധികച്ചെലവിനും ഭരണാനുമതി നൽകിയിട്ടുണ്ട്.

ആലപ്പുഴയിലെ മൂർത്തീട്ട മുക്കത്തേരി വള–ചക്കിട്ടപ്പാലം വള്ളക്കളി റോഡ് നവീകരണത്തിന് പുതിയ ഭരണാനുമതി ₹19.02 കോടി രൂപയായി വർദ്ധിപ്പിച്ചു — ഏകദേശം ₹1.74 കോടി രൂപയുടെ വർധനയാണുള്ളത്.

തൃശ്ശൂരിലെ പാരിസ് റോഡ് പുനരുദ്ധാരണത്തിന് 2.24 കോടി രൂപയായി പുതുക്കി — 39.52 ലക്ഷം രൂപയുടെ വർധനവാണുള്ളത്. ടെൻഡർ തുക എസ്റ്റിമേറ്റ് ചെലവിനേക്കാൾ 29.99% കൂടുതലായിരുന്നെങ്കിലും, തുടർ കാലതാമസവും ചെലവ് വർദ്ധനവും ഒഴിവാക്കാൻ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (CTE) ഉപദേശപ്രകാരമാണ് അനുമതി.

*ആധാർ വോൾട്ട് പദ്ധതിക്ക് കാലാവധി നീട്ടി*

കെ.എസ്.ഐ.ടി.എം (KSITM) കൈകാര്യം ചെയ്യുന്ന ആധാർ വോൾട്ട് പദ്ധതിയിൽ മൂന്ന് സാങ്കേതിക വിദഗ്ധരുടെ സേവനം 2026 മാർച്ച് വരെ നീട്ടാൻ സമിതി അനുമതി നൽകി. ഇതിന് വേണ്ട 1.20 കോടി രൂപ നിലവിലുള്ള പദ്ധതിയിലെ ഉപയോഗിക്കാത്ത തുകയിൽ നിന്നാണ് കണ്ടെത്തേണ്ടത്. ആർ.കെ.ഐക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

*കുട്ടനാട് പ്രളയ പ്രതിരോധ പാക്കേജിൽ സാങ്കേതിക മാറ്റങ്ങൾ*

കെ.എസ്.ഇ.ബി നടപ്പാക്കുന്ന കുട്ടനാട് പാക്കേജിൽ സാങ്കേതിക മാറ്റങ്ങൾക്ക് എച്ച്.എൽ.ഇ.സി അനുമതി നൽകി. തുടക്കത്തിൽ നിർദ്ദേശിച്ചിരുന്ന 110 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ പകരം 110 കെ.വി. എയർ ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ സ്ഥാപിക്കാനും, പുതിയവ വാങ്ങുന്നതിന് പകരം കെ.എസ്.ഇ.ബി-യിലെ 12.5 എം.വി.എ. ട്രാൻസ്‌ഫോർമറുകൾ ഉപയോഗിക്കാനുമാണ് അനുമതി. ഈ മാറ്റങ്ങൾ പദ്ധതിയുടെ ലക്ഷ്യങ്ങളെയും വ്യാപ്തിയെയും ബാധിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

*അതിരപ്പിള്ളി ഉപജീവന പദ്ധതിക്ക് കാലവധി നീട്ടി*

ആദിവാസി വിഭാഗങ്ങൾക്കായുള്ള അതിരപ്പിള്ളി ഉപജീവന സുരക്ഷാ പദ്ധതിയുടെ കാലാവധി 2026 മെയ് വരെ നീട്ടാൻ എച്ച്.എൽ.ഇ.സി അനുമതി നൽകി. ഉപയോഗിക്കാത്ത 81.88 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിക്കൊടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിലവിലുള്ള വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും സാമ്പത്തിക ഉത്തരവാദിത്തം പാലിച്ചും മുന്നോട്ടുപോകണമെന്ന് ഉന്നതാധികാര സമിതി യോഗം നിർദേശിച്ചു .

---------------

Hindusthan Samachar / Sreejith S


Latest News