Enter your Email Address to subscribe to our newsletters

Idukki, 9 നവംബര്‍ (H.S.)
ജില്ലയിലെ താരതമ്യേന ചെറിയ പഞ്ചായത്താണ് കാമാക്ഷി. എന്നാൽ ഓരോ വീടിനും കരുതൽ നൽകുന്ന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്ത് നടപ്പാക്കിയത്. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും കുട്ടികളെയും ചേർത്തുപിടിച്ച് നടപ്പാക്കിയ പദ്ധതികളാണ് കാമാക്ഷി പഞ്ചായത്തിന്റെ തിളക്കം. ഓരോ തദ്ദേശവാർഡിലെ സ്വപ്ന പദ്ധതികൾ പലതാണെങ്കിലും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമുള്ള നിരവധി പദ്ധതികളാണ് പോയ അഞ്ചുവർഷ കാലം കാമാക്ഷി പഞ്ചായത്ത് നടപ്പാക്കിയത്.
വയോമിത്രം, ഉജ്ജീവനം കടകൾ, ഭിന്നശേഷിക്കാർക്ക് ഒരുക്കി നൽകിയ മറ്റു പദ്ധതികളും ഏറെ തിളക്കമുള്ളതാണ്. ഉജ്ജീവനം പദ്ധതിയിൽ നിരവധി സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്കായി കടകൾ നിർമിച്ചുനൽകി. ഉപജീവന മാർഗം ഉണ്ടായതിൽ വലിയ സന്തോഷം പങ്കുവെക്കുന്നു ഇവിടെയുള്ളവർ.
വയോജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും കൗൺസിലിങ് ഉൾപ്പെടെ നൽകിവരുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മാനസിക ഉല്ലാസത്തിനായി ഇടവേളകളിൽ യാത്രകളും ഒരുക്കാറുണ്ട്. അർഹരായ ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് ആവശ്യമായ ഉപകരണങ്ങളും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എത്തിച്ച് നൽകി. സർക്കാർ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഞ്ചായത്ത് പ്രഭാത ഭക്ഷണവും ഒരുക്കുന്നുണ്ട്.
ജനങ്ങളുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്ന ബസ് സ്റ്റാൻഡ്, റോഡ് വികസനം, ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനകം നടപ്പാക്കി. 15 വാർഡുകൾ മാത്രമുള്ള കാമാക്ഷിപഞ്ചായത്തിലെ മുഴുവൻ വോട്ടർമാരെയും അടുത്തറിയുന്നവരാണ് പഞ്ചായത്ത് അംഗങ്ങൾ. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേർത്തുപിടിക്കുന്ന പദ്ധതികൾ ഇത്രത്തോളം നടപ്പാക്കിയ കേരളത്തിലെ എണ്ണം പറഞ്ഞ പഞ്ചായത്തുകളിൽ ഒന്നാണ് ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്ത്.
സമൂഹത്തിലും വീടുകളിലും പ്രായം കടന്നുപോകുന്ന നമ്മുടെ മുതിർന്ന തലമുറയെ കാലാന്തരങ്ങളിൽ ചേർത്തുപിടിക്കണമെന്ന വലിയ ഓർമപ്പെടുത്തലാണ് കാമാക്ഷി പഞ്ചായത്തിന്റെ സന്ദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR