Enter your Email Address to subscribe to our newsletters

Kerala, 9 നവംബര്‍ (H.S.)
പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. റിപ്പോർട്ടുകളിൽ ഇന്ത്യ പരിഭ്രാന്തരാകില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണമായും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരം റിപ്പോർട്ടുകളിൽ ഇന്ത്യ പരിഭ്രാന്തരാകില്ല. ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം. നമുക്ക് അവരെ തടയാൻ കഴിയുമോ? ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം തയാറാണ്. പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്താൻ ഒരുങ്ങിയാൽ ഇന്ത്യയും പരീക്ഷണം നടത്തുമോ എന്ന ചോദ്യത്തിന്, അവർ അത് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ആദ്യം നോക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
യുഎസ് മൂന്ന് പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ മാറിനിൽക്കുകയായിരുന്നെന്നും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ പരീക്ഷിക്കുന്നതു കൊണ്ട് യുഎസും പരീക്ഷണം നടത്താൻ പോവുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ വാദം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞിരുന്നു.
രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ പാക്കിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും നേരത്തെ പ്രതികരിച്ചിരുന്നു. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാൻ ആണവ ചരിത്രമെന്നും ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ഇതിലേക്ക് ആകർഷിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S