മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെ
Kerala, 9 നവംബര്‍ (H.S.) പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു. തൊഴില
Kuwj


Kerala, 9 നവംബര്‍ (H.S.)

പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ നിലയില്ലാക്കയത്തിലാഴ്ത്തുന്ന ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്മെന്‍റുകളുടെ ഭാഗത്തുനിന്ന് സമയബന്ധിത നടപടികളുണ്ടാകുന്നില്ലെന്ന് പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ സമാപിച്ച 61ാം വാർഷിക സമ്മേളനം കുറ്റപ്പെടുത്തി.

മാധ്യമപ്രവർത്തക പെൻഷൻ 11,000 രൂപയിൽനിന്ന് 20,000 രൂപയായി വർധിപ്പിക്കണം. അരക്ഷിതമായ തൊഴിൽ സാഹചര്യത്തിൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ഏക ആശ്വാസമാണ് പെൻഷൻ പദ്ധതി. സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തക പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണം. പെൻഷൻ ഫണ്ടിലേക്ക് മാനേജ്മെന്‍റ് വിഹിതം കണ്ടെത്താൻ സെസ് ഏർപ്പെടുത്തുകയോ പി.ആർ.ഡി പരസ്യത്തുകയിൽ പിടിച്ചുവെക്കുന്ന 15 ശതമാനം തുക വകയിരുത്തുകയോ ചെയ്യണം. കരാർ ജീവനക്കാരെയും വിഡിയോ എഡിറ്റർമാരെയും മാഗസിൻ ജേർണലിസ്റ്റുകളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കണം.

ലേബർ കോഡുകളിൽ ലയിപ്പിച്ച് ഇല്ലാതാക്കുന്ന വർക്കിങ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് കെ.പി റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ റിപ്പോർട്ടും ട്രഷറർ മധുസൂദനൻ കർത്ത കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റുമാരായ കെ. വിജേഷ്, പി.എം. കൃപ, സെക്രട്ടറിമാരായ ബിനിത ദേവസി, ഫിലിപ്പോസ് മാത്യു, ബി. അഭിജിത് എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ ബോബി എബ്രഹാം സ്വാഗതവും യൂണിയൻ ജില്ലാ പ്രസിഡന്‍റ് ബിജു കുര്യൻ നന്ദിയും പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News