Enter your Email Address to subscribe to our newsletters

Kerala, 9 നവംബര്‍ (H.s)
സ്വവർഗ പങ്കാളിയുമായി ഒന്നിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ അമ്മയെയും സ്വവർഗ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. നവംബർ രണ്ടിനാണ് സുരേഷ്–ഭാരതി ദമ്പതികളുടെ മകനായ ദ്രുവ് എന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്.
ഭർത്താവ് തിരികെ എത്തിയപ്പോൾ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്ന് ഭാരതി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു. ഇത് വിശ്വസിച്ച് ബന്ധുക്കൾ മൃതദേഹം കൃഷിയിടത്തിൽ സംസ്കരിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം ഭാര്യ ഭാരതിയുടെ സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ സുരേഷിന് തോന്നിത്തുടങ്ങി. തുടർന്ന് ഭാരതി അറിയാതെ സുരേഷ് ഫോൺ പരിശോധിച്ചപ്പോൾ, 22 കാരിയായ സുമിത്ര എന്ന യുവതിയുമായി ഭാര്യ പ്രണയത്തിലാണെന്ന് മനസ്സിലാക്കി.
ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് പിഞ്ചുകുഞ്ഞ് അവരുടെ പ്രണയത്തിന് വിലങ്ങുതടിയാണെന്നും എങ്ങനെയെങ്കിലുമൊക്കെ ഒഴിവാക്കണം എന്നും ഇരുവരും സംസാരിച്ചതായി വ്യക്തമായി. ഇതോടെ സുരേഷ് പോലീസിൽ പരാതി നൽകി. ചാറ്റുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഭാരതി കുറ്റം സമ്മതിച്ചു. സ്വവർഗ പങ്കാളിയായ സുമിത്രയുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും ഭാരതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ ചലനമറ്റ ഫോട്ടോകൾ ഭാരതി സുമിത്രയ്ക്ക് അയച്ചു നൽകിയിരുന്നു. സ്വകാര്യ ദൃശ്യങ്ങളടക്കം ഇരുവരും കൈമാറിയതായും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ദ്രുവിന് പുറമെ, അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ കൂടി സുരേഷ്–ഭാരതി ദമ്പതികൾക്കുണ്ട്.
---------------
Hindusthan Samachar / Sreejith S