Enter your Email Address to subscribe to our newsletters

Thrissur, 9 നവംബര്‍ (H.S.)
നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ തൃശൂർ പുത്തൻചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാറിനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.
ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു.ഭിന്നശേഷിക്കാർക്ക് കരുത്ത് പകർന്ന് മാതൃകയായി ഇനിയും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീകുറിന് സാധിക്കട്ടെ എന്ന് മന്ത്രി ആർ.ബിന്ദു ആശംസിച്ചു.
ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാൻ കഴിയാത്ത ശ്രീകുമാർ തന്റെ വിധിയുടെ പേജുകൾ മറിച്ചു ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കുകയാണ് ശ്രീകുമാർ എന്ന 27 കാരൻ.
400 പേജിലധികം വരുന്ന പുസ്‌തകങ്ങൾ അമ്മ മിനി ഒരു മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത‌് പഠിക്കുന്നതിനായി ഗൂഗിൾ ഡ്രൈവിൽ അപ്‌പ്ലോഡ് ചെയ്തുനൽകി. ശ്രീകുമാറിന് കൂടുതൽ മണിക്കൂർ തുടർച്ചയായി ഇരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലാപ്ടോപ്പ് പിടിക്കാൻ വീൽചെയറിൽ ഒരു പ്രത്യേക സ്റ്റാൻഡ് ഉറപ്പിച്ചു നൽകി, മകന്റെ ഉയരത്തിന് അനുയോജ്യമായ ഒരു മേശയും പ്രത്യേകം നിർമ്മിച്ചു.കിടക്കയിൽ വായിക്കുമ്പോൾ പോലും,ഇരിപ്പ് ലഘൂകരിക്കാൻ സുഖപ്രദമായ ഒരു സ്റ്റാൻഡും സപ്പോർട്ടീവ് തലയണകളും ക്രമീകരിച്ചികൊണ്ടും അച്ഛൻ രാജനും അമ്മ മിനിയും മകന്റെ സ്വപ്‌നങ്ങൾക്ക് ശക്തമായ പിന്തുണയേകി.
ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് നേടിയ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശ്രീകുമാർ സി.എ പരീക്ഷകൾ എഴുതി. അവസാന പരീക്ഷകളിൽ,അദ്ദേഹത്തിന്റെ കസിൻ അനന്തകൃഷ്ണൻ (ബി.ടെക് വിദ്യാർത്ഥി) അദ്ദേഹത്തോടൊപ്പം നിന്നു. പഴയ സി.എ സ്കീമിൽ ചേർന്ന ശ്രീകുമാർ വർഷങ്ങളുടെ സമർപ്പണത്തിനുശേഷം 2023 ൽ പരീക്ഷകളിൽ വിജയിച്ചു. പ്രാദേശിക ചാർട്ടേഡ് അക്കൗണ്ടൻ്റ് ടി.ഡി ജോൺസിന്റെ കീഴിൽ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കി.മാങ്കിടിയിൽ വി.എച്ച്.എസ്.എസി.ൽ പ്ലസ്.ടു പൂർത്തിയാക്കിയ ശ്രീകുമാർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിനാൻസിൽ ബി.കോം ബിരുദവും നേടി. പ്ലസ്.ടു വരെ, പരസഹായമില്ലാതെ ശ്രീകുമാർ എല്ലാ പരീക്ഷകളും സ്വയം എഴുതി.
അക്കൗണ്ടൻസി മേഖലയിൽ സ്വന്തമായി പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കണം എന്നതാണ് ശ്രീകുമാറിന്റെ ആഗ്രഹം.
മകന്റെ സ്വപ്നങ്ങൾക്ക് കറുത്തേകി എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന അച്ഛന്റെ രാജനെയും, അമ്മ മിനിയേയും മന്ത്രി അഭിനന്ദിച്ചു.പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ വി എൻ രാജേഷ്, സി ധനുഷ് കുമാർ എന്നിവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR