Enter your Email Address to subscribe to our newsletters

Malappuram, 9 നവംബര്‍ (H.S.)
കാടിനുള്ളിൽ നിന്ന് ആദിവാസി രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹന വാടക നൽകുന്ന പദ്ധതി മുടങ്ങി. ആദിവാസികളെ ആശുപത്രിയിൽ എത്തിച്ചിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെ കുടിശിക തുക കിട്ടാത്തതുകൊണ്ട് സേവനം മതിയാക്കി. നാൽപ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത്. മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനവാസികളായ ആദിവാസികൾ ഇതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആകാതെ വലിയ ചികിത്സാ പ്രതിസന്ധിയാണ് നേരിടുന്നത്.
ഒരാഴ്ച മുമ്പാണ് നിലമ്പൂർ മൂത്തേടം ഉച്ചക്കുളം ഊരിലെ യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിക്കാൻ വാഹനം വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ല. ആദിവാസി രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിന് ഐടിഡിപിയാണ് വാഹനങ്ങൾക്ക് വാടക നൽകേണ്ടത്. പണമില്ല എന്നാണിപ്പോൾ വകുപ്പിൻ്റെ മറുപടി. കഴിഞ്ഞ ഒരു വർഷമായി രോഗികളെ ഊരുകളിൽ നിന്ന് ആശുപത്രികളിലെത്തിക്കാൻ ഓടിയതിനുള്ള വണ്ടിവാടക തൊണ്ണൂറായിരം രൂപ ഇനിയും കിട്ടിയില്ലെന്നാണ് ഓട്ടോഡ്രൈവർ ഷാഫി പറയുന്നത്.
നിലമ്പൂർ മേഖലയിലെ ആദിവാസി ഊരുകളിൽ നിന്ന് രോഗികളെ ആശുപത്രികളിലെത്തിക്കാൻ 30 ലധികം ഓട്ടോറിക്ഷകൾ സേവനം നടത്തിയിരുന്നതാണ്. പണം മുടങ്ങിയതോടെ ഇപ്പോഴുള്ളത് 5 പേർ മാത്രം, അതും പണം കിട്ടിയിട്ടല്ല, മനുഷ്യത്വം കരുതി മാത്രം. ആംബുലൻസുകൾക്കും ഭീമമായ തുക നൽകാനുണ്ട്. അവരും ആദിവാസി രോഗികളെ കയ്യൊഴിഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് രോഗികളുമായി പതിവായി പോകേണ്ടത്.
വനമേലെയിലെ വന്യ മൃഗശല്യം പോലും വകവയ്ക്കാതെയാണ് ഓട്ടോ തൊഴിലാളികൾ ആദിവാസി ഊരുകളിൽ എത്തിയിരുന്നത്. എന്നാൽ സർക്കാർ അതിനൊന്നും ഒരു പരിഗണനയും നൽകിയില്ല. ഇത് നിലമ്പൂരിലെ മാത്രം സ്ഥിതിയല്ല, വയനാട്, ഇടുക്കി, പത്തനംതിട്ട അടക്കം ആദിവാസി മേഖലകളിലും സ്ഥിതി സമാനം തന്നെ. ഊരുകളിലെ കിടപ്പുരോഗികളെ ആശുപത്രിയിലെത്തിക്കാൻ സമരമല്ലാതെ വേറെ വഴിയില്ല എന്നായതോടെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആദിവാസി ഐക്യവേദി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR