Enter your Email Address to subscribe to our newsletters

Ernakulam, 9 നവംബര്‍ (H.S.)
വന്ദേ ഭാരത് ഫ്ലാഗ്ഓഫിനിടെ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി എളമക്കര സരസ്വതി വിദ്യനികേതൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡിൻ്റോ കെ.പി. കുട്ടികൾക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാണെന്നും കുട്ടികൾ ബലിയാടുകളാവുകയാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
കുട്ടികൾ ദേശ ഭക്തി ഗാനം പാടിയത് സ്വമേധയാ. ആരെയോ ലക്ഷ്യം വെച്ച് കുട്ടികളെ വേട്ടയാടുകയാണ്. ദേശഭക്തി ഗാനം ആര് ചൊല്ലിയാലും അംഗീകരിക്കണം. രാഷ്ട്രത്തെ പ്രകീർത്തിച്ചാണ് കുട്ടികൾ പാടിയത്. പാട്ട് സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പൾ വ്യക്തമാക്കി.
എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത്.ഇതിൻ്റെ വീഡിയോ സതേൺ റെയിൽവേ പങ്കുവെച്ചതോടെയാണ് വിവാദമായത്.
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാനും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിൻ്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്.വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR