Enter your Email Address to subscribe to our newsletters

Thiruvananthapuram, 9 നവംബര്‍ (H.S.)
എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തണമെന്നും, രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രി നിന്നുള്ള അണുബാധയെ തുടർന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ന് രാവിലെയാണ് ശിവപ്രിയയുടെ മരണം സ്ഥിരീകരിച്ചത്. പ്രസവത്തിനായാണ് പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാസം 22നാണ് ഡിസ്ചാർജ് ചെയ്തത്.
ആ സമയത്ത് പനിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ പനി കടുത്തപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നല്ല യുവതിക്ക് അണുബാധ ഉണ്ടായതെന്നും എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR