Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്‌പെന്‍സര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. സന്ദേശത്തെതുടര്‍ന്ന് പാളയത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിലും ക്ലിഫ് ഹൗസിലും പരിശോധന നടത്തുകയാണ് പൊലീസ്.
ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബോംബ് സ്‌ക്വാഡ് അടക്കം ക്ലിഫ് ഹൗസിലെത്തി പരിശോധന നടത്തുന്നുണ്ട്. എല്‍ടിടിഇയും കറാച്ചി ഐഎസ്‌ഐ സെല്ലും ചേര്‍ന്നുകൊണ്ട് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.
കഴിഞ്ഞ കുറെ നാളുകളായി പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും വട്ടം ചുറ്റിച്ചുകൊണ്ട് ബോംബ് ഭീഷണി മെയിലുകള്‍ വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഇത്തരം സന്ദേശം എത്തുന്നുണ്ട്.
ഡാര്‍ക്ക് വെബില്‍ നിന്ന് ഇത്തരം സന്ദേശം അയക്കുന്നതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കുമടക്കം നേരത്തെ വന്നിട്ടുള്ള ബോംബ് ഭീഷണി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ഇപ്പോള്‍ വന്ന സന്ദേശവും വ്യാജമായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
---------------
Hindusthan Samachar / Sreejith S