Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ജീവനക്കാർ സർവീസ് കാലയളവിൽ അടയ്ക്കുന്ന പ്രോവിഡന്റ് ഫണ്ട് നിക്ഷേപം യഥാസമയം തിരികെ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെ.എസ്.ആർ.റ്റി.സി. മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വികാസ് ഭവൻ ഡിപ്പോയിൽ നിന്നും 2024 മേയിൽ വിരമിച്ച ജീവനക്കാരന് തുക നൽകിയില്ലെന്ന പരാതിയിലാണ് നടപടി. രണ്ട് മാസത്തിനകം തുക തിരികെ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു.
എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്നും പരാതിക്കാരൻ എടുത്ത വായ്പ തിരിച്ചടക്കാനുള്ളതു കൊണ്ടാണ് പി.എഫ്. തുക അനുവദിക്കാൻ കെ.എസ്.ആർ.റ്റി.സി. വിസമ്മതിച്ചതെന്ന് പറയുന്നു.
സ്ഥാപനത്തിൽ നിലവിലുള്ളസാമ്പത്തിക പ്രതിസന്ധി കാരണം പെൻഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യാൻ കഴിയാതെ വന്നിട്ടുണ്ടെന്ന് ചീഫ് ലാ ഓഫീസർ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു. പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ കോർപ്പറേഷൻ തയ്യാറാക്കിയ സ്കീം കേരള ഹൈക്കോടതി അംഗീകരിച്ചു. അതനുസരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്ത് വരികയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 2023 മേയ് വരെ വിരമിച്ചവരുടെ പി.എഫ്. തുക അനുവദിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ കോർപ്പറേഷന്റെ വാദം ശരിയല്ലെന്നും തനിക്ക് ശേഷം വിരമിച്ചവർക്കും പി.എഫ്. നിക്ഷേപം നൽകിയതായി വിവരാവകാശ നിയമ പ്രകാരം തനിക്ക് മറുപടി ലഭിച്ചതായി പരാതിക്കാരനായ പി. എസ്. പ്രദീപ് കുമാർ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S