Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
അവയവദാന ഏജന്‍സിയായ കെ.സോട്ടോയെ വിമര്‍ശിച്ച് പോസ്റ്റിട്ട ഡോ. മോഹന്‍ദാസ് കെ. സോട്ടോയില്‍ നിന്ന് രാജിവച്ചു. പദ്ധതിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്. കെ.സോട്ടോയുടെ സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്നാണ് രാജിവെച്ചത്.
ഡോ. എം.കെ മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രമെന്ന് കെ സോട്ടോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ സോട്ടോയുടെ അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരാണ്. മരണാനന്തര പദ്ധതിയുടെ ഏകോപനം സുഗമമാക്കാന്‍ നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് അദ്ദേഹം. മരണാനന്തര പദ്ധതിയുടെ ഏകോപനത്തിന് ഉത്തരവാദിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നില്‍ നിഷ്പ്തമായ ഡ്യൂട്ടി ചെയ്യാതെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ കെ-സോട്ടോയെ ചിത്രീകരിച്ചതിനാണ് സര്‍ക്കാര്‍ തലത്തില്‍ അച്ചടക്ക നടപടി ആരംഭിച്ചത്.
ദക്ഷിണ മേഖലയില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡോ. എം.കെ മോഹന്‍ദാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ഒരേയൊരു മരണാനന്തര അവയവദാനം മാത്രമാണ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് വിടുതല്‍ ചെയ്യണമെങ്കില്‍ ഡി.എം.ഇ വഴി ഉചിതമായ മാര്‍ഗത്തിലൂടെയായിരുന്നു അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയിരുന്നത്് എന്നും വാര്‍ത്താക്കുറിപ്പ്.
---------------
Hindusthan Samachar / Sreejith S