Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
കിഫ്ബി മസാലബോണ്ട് ഇടപാടില്‍ നടപടി കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടിസ് അയച്ചു. മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നാണ് ഇഡി കണ്ടെത്തല്‍. ഇതിലാണ് കാരണം കാണിക്കല്‍ നോട്ടീസാണ് അയച്ചിരിക്കുന്നത്.
മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നല്‍കിയത്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. മുഖ്യമന്ത്രിയില്‍ നിന്നടക്കം വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍.
9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനം എന്നാണ് ഇഡിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയടക്കം നോട്ടീസ് ലഭിച്ചവര്‍ക്ക് നേരിട്ടോ പ്രതിനിധ വഴിയേ മറുപടി നല്‍കാം. ഇത് പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ.
ഇഡി നോട്ടീസ് വേട്ടയാടലിന്റെ ഭാഗം എന്നാണ് സിപിഎം നിലപാട്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ ഇഡി നോട്ടീസ് വെറും ചടങ്ങ് മാത്രം എന്ന നിലപാടിലാണ്.
---------------
Hindusthan Samachar / Sreejith S