Enter your Email Address to subscribe to our newsletters

Kannur, 1 ഡിസംബര്‍ (H.S.)
മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്.തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന്‍ കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റെ്‌മെന്റാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം കള്ളന്‍മാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S