Enter your Email Address to subscribe to our newsletters

New delhi, 1 ഡിസംബര്‍ (H.S.)
രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് പ്രതിപക്ഷവും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് ഊര്‍ജമാകുന്നതായിരിക്കണം പാര്‍ലമെന്റ് സമ്മേളനം. വികസനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ് വ്യക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളനം ജനങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ സന്ദേശം നല്‍കുന്നതാകണമെന്നും പ്രതിപക്ഷം പാര്‍ലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ അസ്വസ്ഥതയില്‍ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മോദി പ്രതിപക്ഷത്തിനെതിരെ ശക്തമായാണ് ആഞ്ഞടിച്ചത്. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാര്‍ലമെന്റില്‍ വന്ന് തീര്‍ക്കരുതെന്നും മോദി പറഞ്ഞു. എല്ലാ എംപിമാര്‍ക്കും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ഉണ്ടാകണം. അതുകൊണ്ടുതന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷത്തെയും പ്രതിപക്ഷ തന്ത്രങ്ങളെയും ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അത് ഇനിയെങ്കിലും മനസിലാക്കണമെന്നും നാടകം കളിക്കാന്‍ വേറെ സ്ഥലം കണ്ടെത്തിക്കോളൂയെന്നും പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ വ്യക്തമാക്കി.
അതേസമയം, പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ ദില്ലി സ്‌ഫോടനം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, വായു മലിനീകരണം, പുതിയ ലേബര്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടും. ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. 13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സര്‍ക്കാര്‍ അവതരിപ്പിക്കുക. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 19 വരെയാണ് സമ്മേളനം.
---------------
Hindusthan Samachar / Sreejith S