Enter your Email Address to subscribe to our newsletters

New delhi, 1 ഡിസംബര്‍ (H.S.)
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു ഇന്ന് തുടക്കം. 19 വരെ സഭ സമ്മേളിക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണും. ബീഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്നതിനാല്‍ ശീതകാല സമ്മേളനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വേദിയാകും. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിനു ഭരണഘടന ഭേദഗതി ചെയ്യുന്ന 129-ാം ഭരണഘടനാ ഭേദഗതി ബില്‍, 30 ദിവസമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിച്ചാല്‍ മന്ത്രിമാരെ സ്ഥാനങ്ങളില്‍ നിന്നു നീക്കാനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്‍ എന്നിവയുള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കിയേക്കും.
130-ാം ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഭരണ ഭേദഗതി ബില്‍, ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ എന്നിവ കൂടുതല്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടിരുന്നു. സമിതി റിപ്പോര്‍ട്ട് സമ്മേളനത്തിനു മുമ്പു സമര്‍പ്പിച്ചേക്കും. ജൂലൈ 21ന് ആരംഭിച്ച് ആഗസ്ത് 21ന് അവസാനിച്ച മണ്‍സൂണ്‍ സമ്മേളനത്തിലാണ് പാര്‍ലമെന്റ് അവസാനമായി ചേര്‍ന്നത്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററികാര്യ മന്ത്രി ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S