Enter your Email Address to subscribe to our newsletters

Sabarimala, 1 ഡിസംബര്‍ (H.S.)
2025-26 മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണില്‍ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതല്‍. ഇന്നലെ (നവംബര്‍ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വര്‍ധന.
അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഇതേ സമയം 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി; 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 15 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നവംബര്‍ 30 വരെ ശബരിമലയില്‍ എത്തിയത്.
---------------
Hindusthan Samachar / Sreejith S