Enter your Email Address to subscribe to our newsletters

Kerala, 1 ഡിസംബര്‍ (H.S.)
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള സദ്ഗുരുവിന്റെ ഈശ ഫൗണ്ടേഷന്‍ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് രാവിലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ ബന്ധം സമാന്ത സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവാഹ വിവരം ഔദ്യോഗികമായി അറിയിച്ചത്. '01.12.2025' എന്ന ലളിതമായ അടിക്കുറിപ്പാണ് സമാന്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ 2024 മുതല്‍ പ്രചരിച്ചിരുന്ന പ്രണയ ഗോസിപ്പുകള്‍ക്ക് വിരാമമായി.
'ദി ഫാമിലി മാന്‍ സീസണ്‍ 2', 'സിറ്റാഡല്‍: ഹണി ബണ്ണി' തുടങ്ങിയ വെബ് സീരീസുകളില്‍ സമാന്ത നടിയായും രാജ് നിദിമോരു സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് നിദിമോരു സഹനിര്‍മ്മാതാവാകുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'രക്ത് ബ്രഹ്‌മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' ആണ് സമാന്തയുടെ അടുത്ത പ്രോജക്റ്റ്. 2017 മുതല്‍ 2021 വരെ നടന്‍ നാഗ ചൈതന്യയുമായി ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു നടി. രാജ് നിദിമോരു 2015 നും 2022 നും ഇടയില്‍ ഷ്യാമലി ഡെയെ വിവാഹം കഴിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S