Enter your Email Address to subscribe to our newsletters

Kochi, 10 ഡിസംബര്‍ (H.S.)
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിലപാടില്‍ ഒളിച്ചുകളി തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ മറുപടി നല്‍കാൻ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് സർക്കാർ. ഈ മാസം 17നകം മറുപടി നല്‍കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സർക്കാർ അറിയിച്ചിട്ടുള്ളത് . കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാതിരുന്ന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് പൊതുപ്രവർത്തകനായ മനോജ് കടകമ്ബള്ളി ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഇല്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാല്‍ സർക്കാർ ആരെയാണ് സംരക്ഷിക്കാം ശ്രമിക്കുന്നതെന്നാണ് കോടതി ചോദിക്കുന്നത്.
പ്രോസിക്യൂഷൻ അനുമതി നല്‍കാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി സംസ്ഥാന സർക്കാർ മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും അടുത്തിടെ ജസ്റ്റിസ് എ.ബദറുദീന്‍ വിമർശിച്ചിരുന്നു. പ്രതികളെ വിചാരണ ചെയ്യാൻ മൂന്ന് തവണയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് നല്‍കിയ അപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ നടത്തുന്നതെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടു. ''സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നില്‍ ?''- കോടതി ചോദിച്ചു. നിയമവാഴ്ചയെ അല്ല, രാഷ്ട്രീയ മേലാളന്മാരെയാണ് കേസില്‍ ഉള്‍പ്പെട്ടവർ അനുസരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിമർശനം തുടർന്ന കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ''ഇടതുപക്ഷ സർക്കാർ അധികാരത്തില്‍ കയറുന്നത് അഴിമതി നടത്തില്ല എന്നു പറഞ്ഞാണ്. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്ഥയാണ്''- കോടതി അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോർപറേഷൻ മുൻ ചെയർമാന്‍ കൂടിയായ ആർ.ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷുമാണ് കേസിലെ പ്രധാന പ്രതികള്‍. എന്നാല്‍ ഇവരെ വിചാരണ ചെയ്യാനായി സിബിഐ നല്‍കിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാംവട്ടവും സർക്കാർ തള്ളുകയായിരുന്നു.
2016ലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. ഹൈക്കോടതിയുടെ നിർദേശാനുസരണമായിരുന്നു നടപടി. കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനെയും മുൻ എം ഡി പി എ രതീഷിനെയും വിചാരണ ചെയ്യാൻ ആദ്യതവണ 2020 ഒക്ടോബർ 15നും രണ്ടാംതവണ 2025 മാർച്ച് 21നും മൂന്നാംതവണ 2025 ഒക്ടോബർ 28നുമാണ് പ്രോസിക്യൂഷൻ സിബിഐക്ക് അനുമതി നിഷേധിച്ചത്. നടപടിക്രമങ്ങളിലെ വീഴ്ചയ്ക്കപ്പുറം കൂടുതലൊന്നും സിബിഐക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തി വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR