Enter your Email Address to subscribe to our newsletters

Pathanamthitta, 10 ഡിസംബര്‍ (H.S.)
ശബരിമല സ്വർണക്കവർച്ച കേസിലെ രേഖകള്‍ വേണമെന്ന ഇഡിയുടെ അപേക്ഷ പരിഗണിക്കുന്ന തീയതി വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെയാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിയത്.
കേസില്‍ ഈ മാസം 17 ന് കൊല്ലം വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കും. സ്വർണകവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും മൊഴി പകർപ്പ് അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയത്.
ശബരിമല സ്വർണക്കൊള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നാണ് ഇഡി പറയുന്നത്. അതിനാല്‍ തങ്ങള്‍ക്ക് അന്വേഷണം നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാൻ അധികാരമുണ്ടെന്നും കോടതിയില്‍ സമപ്പിച്ച അപേക്ഷയില്‍ ഇഡി പറയുന്നു. എന്നാല്‍, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നല്‍കാൻ പാടില്ലെന്നുമാണ് എസ്‌ഐടിയുടെ നിലപാട്. പക്ഷെ രേഖകള്‍ വേണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഇഡി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്. സർക്കാരിന്‍റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR