Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല.
പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയില്‍ സന്ദീപ് വാര്യർ പറയുന്നത്.
അതിജീവിതയെ പൊതു സമൂഹത്തില്‍ പരിചയ പ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹർജി കഴിഞ്ഞ ശനിയാഴ്ച അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തനിക്കെതിരെ ഉയർന്നുവന്ന സൈബർ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇ മെയിലിലൂടെയാണ് പരാതി അയച്ചത്. യുവതിയുടെ വിവാഹദിവസമാണ് അവര്‍ക്കൊപ്പം നിന്ന് ചിത്രം എടുത്തത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സമയത്ത് രാഹുലിനെതിരെ യുവതി പരാതി നല്‍കിയിരുന്നില്ല. യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR