Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഡിസംബര്‍ (H.S.)
ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകള്‍ കോര്‍ത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12 മുതല്‍ 19 വരെ തലസ്ഥാന നഗരിയില്‍ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.
പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
1936-ലെ പലസ്തീന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതാണ്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ആഫ്രിക്കന്‍ സിനിമയുടെ വക്താവും മൗറിത്താനിയന്‍ സംവിധായകനുമായ അബ്ദുറഹ്‌മാനെ സിസാക്കോയ്ക്ക് നല്‍കി ആദരിക്കും. ആഗോളവല്‍ക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ 'ടിംബുക്തു', 'ബ്ലാക്ക് ടീ' തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങള്‍ 'ദ ഗ്ലോബല്‍ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേര്‍ണി' എന്ന പ്രത്യേക പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്ഷ്യന്‍ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്റോ സ്റ്റേഷന്‍', 'അലക്‌സാണ്ട്രിയ എഗെയ്ന്‍ ആന്‍ഡ് ഫോറെവര്‍', 'ദി അദര്‍' എന്നിവ ഉള്‍പ്പെടുത്തി റിട്രോസ്പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഇന്ത്യന്‍ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിര്‍സയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ഇന്തോനേഷ്യന്‍ സിനിമയുടെ ആധുനിക മുഖമായ ഗാരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ 'കണ്ടെമ്പററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ലോകമെമ്പാടുമുള്ള 57 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകര്‍ക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇതില്‍ ക്വിയര്‍ സിനിമയില്‍ നിന്നുള്ള 'ദ ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്', 'എന്‍സോ', 'മിറര്‍സ് നമ്പര്‍ 3', 'ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്‌ലമിംഗോ', 'അമ്രം', 'കോട്ടണ്‍ ക്യൂന്‍' തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുടെ മാസ്റ്റര്‍പീസായ 'പള്‍പ്പ് ഫിക്ഷന്‍' 4K റെസ്റ്റോര്‍ ചെയ്ത പതിപ്പ് 'സ്‌പെഷ്യല്‍ സ്‌ക്രീനിംഗ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മിഡ് നൈറ്റ് സ്‌ക്രീനിങില്‍ ജോസും (Jaws) ദ ബുക്ക് ഓഫ് സിജിന്‍ ആന്റ് ഇല്ലിയിനും പ്രദര്‍ശനത്തിനുണ്ട്.
ചലച്ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി 'റെസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍' എന്ന വിഭാഗത്തില്‍ പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ 'ബ്ലൈന്‍ഡ് ചാന്‍സ്', സെര്‍ജി ഐസന്‍സ്റ്റീന്റെ ' ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍', ചാള്‍ളി ചാപ്ലിന്റെ 'ദി ഗോള്‍ഡ് റഷ്' എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'പാടാത്ത പൈങ്കിളി' എന്ന ക്ലാസിക് മലയാള ചിത്രവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ചിത്രങ്ങള്‍ സുവര്‍ണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന് എന്നീ വിഭാഗങ്ങള്‍ സമകാലിക സിനിമയുടെ പുതിയ പാഠങ്ങള്‍ സമ്മാനിക്കും. സന്തോഷ്, ഐറണ്‍ ഐലന്‍ഡ് എന്നിവയുള്‍പ്പെടെ ജൂറി അംഗങ്ങള്‍ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങള്‍ 'ജൂറി ഫിലിംസ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
വിവിധ പ്രമേയങ്ങളെ മുന്‍നിര്‍ത്തി 'ഫീമെയില്‍ ഫോക്കസ്', 'ലാറ്റിന്‍ അമേരിക്കന്‍ പാക്കേജ്', 'കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം', 'ഫെസ്റ്റിവല്‍ ഫേവറൈറ്റ്‌സ്', 'കലൈഡോസ്‌കോപ്പ്' തുടങ്ങിയ പാക്കേജുകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍പ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയവരുടെ ചിത്രങ്ങള്‍ 'പാസ്റ്റ് എല്‍ടിഎ വിന്നേഴ്‌സ്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ സുവര്‍ണ്ണചകോരം നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'ദി സുവര്‍ണ്ണ ലെഗസി' പ്രത്യേക പാക്കേജും ശ്രദ്ധേയമാകും.
പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന 'ഹോമേജ്' വിഭാഗവും മേളയിലുണ്ട്. മൊത്തത്തില്‍, 26 വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മുപ്പതാം എഡിഷന്‍, ചലച്ചിത്രമേളയുടെ പൂര്‍ണ്ണമായ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഉണര്‍വ് നല്‍കുന്ന ആഘോഷമായി മാറും എന്നതില്‍ സംശയമില്ല.
---------------
Hindusthan Samachar / Sreejith S