Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഡിസംബര്‍ (H.S.)
2026 ജനുവരി 14 മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 248 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായി തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ സജ്ജമാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള പൂർണ്ണമായും പരാതിരഹിതമായി നടത്തുന്നതിനായി ഇത്തവണ കർശനമായ നിലപാടുകളാകും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുക.
മത്സരങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി സബ്ജില്ലാ തലം മുതൽ നടക്കുന്ന കലോത്സവങ്ങളിൽ നിരീക്ഷകരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. വിധിനിർണ്ണയവുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാൻ ജഡ്ജസിനെ തെരഞ്ഞെടുക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ അപ്പീലുകളും തർക്കങ്ങളും ഒഴിവാക്കി മേളയുടെ ശോഭ കെടുത്താത്ത രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ, നീതിപൂർവ്വമായ വിധിനിർണ്ണയം ഉറപ്പാക്കാനും നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S