Enter your Email Address to subscribe to our newsletters

Alappuzha, 11 ഡിസംബര്‍ (H.S.)
ഭർത്താവിനൊപ്പം ബൈക്കില്‍ പോയ യുവതിക്ക് കെഎസ്‌ആർടിസി ബസിനിടിയില്‍പ്പെട്ട് ദാരുണാന്ത്യം. തലവടി ആനപ്രമ്ബാല്‍തെക്ക് കണിച്ചേരില്‍ മെറീന റെജിയാണ് (24) മരിച്ചത്.
ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് യുവതിക്ക് ജീവൻ നഷ്ടമായത്. കൊച്ചി അമൃത ആശുപത്രിയില്‍ നഴ്സായ മെറീന ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കില്‍ പോകവെയാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ രാത്രി എട്ടു മണിയോടെ അമ്ബലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി കേളമംഗലം മുട്ടേല്‍ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയില്‍ ബസ് വലത്തോട്ട് നീങ്ങുകയായിരുന്നു. ഇതോടെ ബസ് ഹാൻഡിലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. ബൈക്കില്‍ നിന്നു താഴെവീണ മെറീന ബസിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു.
അപകട ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയില്‍നിന്ന് ട്രെയിനില്‍ അമ്ബലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഷാനോയിയെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഘോഷത്തിനായി തയാറെടുത്ത വീടാണ് ഒരു നിമിഷംകൊണ്ട് തോരാക്കണ്ണീരിന്റെ വീടായി മാറിയത്. കെഎസ്‌ആർടിസി ബസിനടിയില്‍പെട്ടുള്ള മെറീനയുടെ മരണം നാടിന്റെയാകെ നൊമ്ബരമായി. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവ് ഷാനോയ് വിവാഹ വാർഷികം ആഘോഷിക്കാനായി ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്.
വാർഷികം ആഘോഷമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തുകയും ചെയ്തിരുന്നു. നഴ്സായ മെറീന നാലു ദിവസം കൂടുമ്ബോഴാണ് വീട്ടിലേക്ക് വരുന്നത്. അതനുസരിച്ച് ഇന്നലെയ അമ്ബലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഷാനോയ്ക്കൊപ്പം വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. വ്യാഴാഴ്ച വിവാഹ വാർഷികമാണെന്നും അതുകഴിഞ്ഞേ മടങ്ങി വരുകയുള്ളൂ എന്നും സഹപ്രവർത്തകരോടു പറഞ്ഞു യാത്രതിരിച്ച മെറീന ഇനി ഒരിക്കലും മടങ്ങിവരില്ലെന്നു ആരും കരുതിയിയിരുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR