Enter your Email Address to subscribe to our newsletters

Ernakulam, 11 ഡിസംബര്‍ (H.S.)
അങ്കമാലി അതിരൂപതാ തര്‍ക്കത്തില്‍ ഇടപെട്ട് വത്തിക്കാന്‍. ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിനെയും ജോസഫ് പാംപ്ലാനിയെയും അടിയന്തരമായി വത്തിക്കാനിലേക്ക് വിളിപ്പിച്ചു. കെസിബിസി സമ്മേളനം അടക്കം മുന്‍കൂട്ടി തയ്യാറാക്കിയ എല്ലാ പരിപാടികളും റദ്ദാക്കി ഇരുവരും വത്തിക്കാനിലേക്ക് തിരിച്ചു. സിറോ മലബാര്‍ സഭയില്‍ വത്തിക്കാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.
എറണാകുളം അങ്കമാലി അതിരൂപതാ വിഷയത്തിലാണ് ഇടപെടല്‍. സിറോ മലബാര്‍ സഭയുടെ തലവന്‍ എന്ന നിലയിലും, എറണാകുളം അങ്കമാലി അതിരൂപത സ്ഥാനിക മെത്രാപ്പോലീത്ത എന്ന നിലയിലുമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിനെവത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്മുമ്പാകെ ഹാജരാകാന്‍ വിളിപ്പിച്ചിരിക്കുന്നത്.
സിറോ മലബാര്‍ സഭയുടെ സീനറി സെക്രട്ടറി എന്ന നിലയിലും, എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ജനറല്‍ എന്ന നിലയിലും ആണ് തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ ജോസഫ് പാംപ്ലാനിയോടും വത്തിക്കാനില്‍ എത്താനും, പൗരസ്ത്യ കാര്യാലയത്തിനും ഒപ്പം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ അപ്പസ്‌തോലിക് സിഞ്ഞത്തൂരയ്ക്കു മുന്‍പാകെ ഹാജരാകാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഇരുവരെയും അടിയന്തരമായി വത്തിക്കാനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
കെസിബിസി സമ്മേളനം അടക്കം മുന്‍കൂട്ടി തയ്യാറാക്കിയ എല്ലാ പ്രോഗ്രാമുകളും റദ്ദാക്കി ഇരുവരും ഇന്നലെ രാത്രി വിമാനത്തില്‍ വത്തിക്കാനിലേക്ക് തിരിച്ചു. പുതിയ കെഎസ്ഇബിസി പ്രസിഡന്റിനെ അടക്കം തെരഞ്ഞെടുക്കാനുള്ള നിര്‍ണായകമായ കെഎസ്ഇബിസി യോഗത്തില്‍ അടക്കം ഇരുവരും പങ്കെടുക്കേണ്ടതായിരുന്നു ഇരുവരുടെയും പ്രോഗ്രാം ഡയറിയില്‍ ഇക്കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ആയിരുന്നു ഇരു മെത്രാപ്പോലീത്തമാര്‍ക്കും വോട്ട് ഉള്ളത്. വോട്ട് ചെയ്യാന്‍ പോലും നില്‍ക്കാതെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയും ഇന്നലെ വത്തിക്കാനിലേക്ക് പോയത്.
സുപ്രധാനമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ രണ്ട് ദിവസം മുന്‍പെയുള്ള ആഹ്വാനം. ഇരുവരും ഇനി ഈ മാസം 17നെ മടങ്ങിവരൂ. ഇരുവരും ഇന്ന് വത്തിക്കാനിലെത്തി പൗരസ്ത്യ കാര്യാലയത്തില്‍ ഹാജരാകും. സിറോ മലബാര്‍ സഭയില്‍ വത്തിക്കാന്‍ ചില കടുത്ത നടപടിക്ക് ഒരുങ്ങുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനിടെ തങ്ങള്‍ പരിഹരിച്ചു എന്ന് പറഞ്ഞ കുര്‍ബാന തര്‍ക്കം എറണാകുളം അങ്കമാലി അതിരൂപതയില്‍ വീണ്ടും തലപൊക്കി കത്തീഡ്രല്‍ ബസലിക്കയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
എറണാകുളം - അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്. കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും മേജര്‍ അര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടിലിനും കനത്ത തിരിച്ചടിയായി മാറി. സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയുമായ കത്തീഡ്രല്‍ ബസലിക്കയില്‍ ഇരു വിഭാഗത്തിന്റെയും കുര്‍ബാന പൊലീസ് തടഞ്ഞു.
ജനുവരിയില്‍ സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന് ശാശ്വത പരിഹാരമായി എന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ഒരുങ്ങുന്നതിനിടയാണ് വീണ്ടും സംഘര്‍ഷം രൂപം കൊണ്ടത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിനും, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും ഇത് കനത്ത തിരിച്ചടിയായി. ആയിരത്തിലേറെ ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയായിരുന്നു പള്ളിയില്‍ രണ്ട് രീതിയിലും ഉള്ള കുര്‍ബാന പുനരാരംഭിച്ചത്.
2025ലെ ക്രിസ്തുമസിന്റെ തിരുപ്പിറവി കര്‍മ്മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കുര്‍ബാന അര്‍പ്പിക്കാന്‍ ഇരിക്കുകയാണ് വീണ്ടും സംഘര്‍ഷത്തിലേക്കും കുര്‍ബാന മുടക്കിലേക്കും കാര്യങ്ങള്‍ എത്തിയത്. ഇന്ന് വൈകുന്നേരത്തോടെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളി കയ്യടക്കുകയായിരുന്നു. ഇതിനെതിരെ ജനാഭിമുഖ കുര്‍ബാന ആനുകൂലികള്‍ പള്ളിക്ക് പുറത്ത് സംഘടിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് എത്തി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുര്‍ബാന നടത്തേണ്ട എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാദര്‍ വൈക്കത്ത് പറമ്പില്‍ തന്നെ കുര്‍ബാന പഠിപ്പിക്കാന്‍ പോലീസ് വരേണ്ടന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറി. ഇതിനൊപ്പം വിശ്വാസികളും ചേര്‍ന്നതോടെ നേരിയ സംഘര്‍ഷം ഉണ്ടായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR