Enter your Email Address to subscribe to our newsletters

Goa, 11 ഡിസംബര്‍ (H.S.)
ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തതിന് പിന്നാലെ രാജ്യം വിട്ട ക്ലബ് ഉടമകള്‍ അറസ്റ്റില്‍. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് തായ്‌ലാന്‍ഡില്‍ പിടിയിലായത്. റോമിയോ ലെയ്‌നിലെ ബിര്‍ച്ച് ക്ലബില്‍ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. തീപ്പിടിത്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ ഇവര്‍ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഗോവ പോലീസ് സംഘം തായ്ലാന്‍ഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1.17 ന് സൗരഭും ഗൗരവും തായ്ലാന്‍ഡിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സര്‍വീസുകള്‍ താറുമാറായ ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇവര്‍ കടന്നത് പോലീസില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബില്‍ അഗ്‌നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര. അറസ്റ്റ് ഭയന്ന് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ക്ലബിലെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അധികാരികളുടെ പ്രതികാര നടപടികള്‍ക്ക് ഇരയായെന്നും അവര്‍ കോടതിയെ അറിയിച്ചു. തായ്ലാന്‍ഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S