Enter your Email Address to subscribe to our newsletters

New delhi, 11 ഡിസംബര്‍ (H.S.)
ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കടുത്ത ദുരിതം അനുഭവിച്ച യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 3 മുതല്‍ 5 വരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ എയര്‍ലൈന്‍ നേരിട്ട വന്‍ താളപ്പിഴയെ തുടര്‍ന്നാണ് ഈ നടപടി.
റദ്ദാക്കിയ വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള റീഫണ്ടുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇത് കൂടാതെയാണ് 10,000 രൂപയുടെ വൗച്ചറുകള്‍ നല്‍കുന്നതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. എങ്കിലും, കടുത്ത ദുരിതം അനുഭവിച്ച യാത്രക്കാര്‍ ആരാണെന്നതിനെ കുറിച്ച് എയര്‍ലൈന്‍ വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ല. നഷ്ടപരിഹാരം ലഭിക്കേണ്ട ഉപഭോക്താക്കളെ എങ്ങനെ തിരിച്ചറിയുമെന്നും ഇന്‍ഡിഗോ വിശദീകരിച്ചിട്ടില്ല.
'ഡിസംബര്‍ 3, 4, 5 തീയതികളില്‍ യാത്ര ചെയ്ത ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ പല വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം കുടുങ്ങുകയും, ചിലര്‍ കടുത്ത ദുരിതത്തിലാവുകയും ചെയ്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അത്തരക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കും. ഈ വൗച്ചറുകള്‍ അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയിലെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണ്.' എന്ന് പ്രസ്താവനയില്‍ പറയുന്നു.
വിമാനങ്ങള്‍ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നേരത്തെ ഇന്‍ഡിഗോ ഉറപ്പുനല്‍കിയിരുന്നു. ഈ തുകയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10,000 രൂപയുടെ വൗച്ചറുകള്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇന്‍ഡിഗോക്കെതിരെ കര്‍ശന നടപടിയുണ്ടായിരുന്നു. എയര്‍ലൈനിന്റെ വിന്റര്‍ ഷെഡ്യൂള്‍ 10 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
നിലവില്‍ തങ്ങളുടെ എല്ലാ സര്‍വീസുകളും പുനഃസ്ഥാപിച്ചതായും, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാലാവസ്ഥാപരമായോ സാങ്കേതികപരമായോ അല്ലാതെ മറ്റ് കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉപഭോക്തൃ പിന്തുണയ്ക്കും എയര്‍ലൈന്‍ പ്രാധാന്യം നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S