Enter your Email Address to subscribe to our newsletters

Paravoor, 11 ഡിസംബര്‍ (H.S.)
മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും സംവാദത്തിന് തയാറാണെന്ന് പറഞ്ഞിട്ടും മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം എഴുതിയതല്ല എന്ന് വിശ്വസിക്കാനാണ് ക്ക് ഇഷ്ടം. കാരണം അത്രയും നിലവാരത്തകര്‍ച്ചയാണ് ആ മറുപടിയിലുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്വന്തം സൈബര്‍ കിളികളെ പ്രോത്സാഹിപ്പിക്കാനോ അവരുടെ കയ്യടി കിട്ടാനോ വേണ്ടിയുള്ള മറുപടിയാണത്. അദ്ദേഹത്തിന്റെ നിലവാരത്തകര്‍ച്ചയില്‍ പൊതുസമൂഹം വിസ്മയിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
സമരങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പുച്ഛമാണ് അത്ഭുതപ്പെടുത്തുന്നത്. സമരം ചെയ്തതെല്ലാം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. പഴയ കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റമാണ് അദ്ദേഹം കാണിക്കുന്നത്. അദ്ദേഹം ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റോ അല്ല. അദ്ദേഹം തീവ്രവലതുപക്ഷവും ബൂര്‍ഷ്വാ നിലപാടുകള്‍ സ്വീകരിക്കുന്ന ആളുമാണ്. ഭരണകൂടത്തിനെതിരെയും വിഷയങ്ങള്‍ക്കു വേണ്ടിയും ആരും സമരം ചെയ്യാന്‍ പാടില്ല. സമരം ചെയ്യുന്നവരോട് മോദി ഭരണകൂടം ഉള്‍പ്പെടെ വലതു തീവ്രപക്ഷം എടുത്തിരിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ആകെ നടത്തിയ ഒരു സമരം സോളര്‍ കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമാണ്. ആ സമരം സെക്രട്ടേറിയറ്റിലും നഗരത്തിലും ദുര്‍ഗന്ധം ഉണ്ടാക്കിയതോടെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നു. ആ സമരം മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ളത്. മുഖ്യമന്ത്രി ചോദിച്ച ഓരോ ചോദ്യങ്ങളും ആവര്‍ത്തിക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു. എന്നിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
സംവാദത്തിന് ഒരാളെയും വെല്ലുവിളിക്കാറില്ല. സംവാദങ്ങള്‍ നല്ലതാണ്. അത് ജനാധിപത്യത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. പക്ഷെ ഇതുപോലെ മറുപടി നല്‍കിയിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് ഫേസ്ബുക്കില്‍ എഴുതുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്തു പറയാനാണ്. ഞാന്‍ നല്‍കിയ മറുപടി അദ്ദേഹം വായിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ ആരോ എഴുതിയെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാതെ മുഖ്യമന്ത്രി ഇത്രയും നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് കരുതുന്നില്ല.
മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ നവംബര്‍ 27 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി കിട്ടിയിട്ടും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബര്‍ എട്ടിനും. പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചത്? കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഒരു എം.എല്‍.എയ്ക്കെതിരെ പരാതി കിട്ടിയപ്പോള്‍ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. എന്നാല്‍ മുന്‍ സി.പി.എം എം.എല്‍.എയ്ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി മുഖ്യമന്ത്രി എന്തിനാണ് പൂഴ്ത്തിവച്ചത്? അത് ഇരട്ട നീതിയാണ്. പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ എല്ലാ വൈകിപ്പിക്കുകയാണ്. ഈ അന്യായം കേരളം അറിയണം. കോണ്‍ഗ്രസില്‍ സ്ത്രീ ലമ്പടന്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നേക്കിയാല്‍ നന്നായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S