Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പിന്നാലെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. 12 ദിവസമായി ജയിലിലും പോലീസ് കസ്റ്റഡിയിലുമാണ് രാഹുല്‍ ഈശ്വര്‍.
ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച രാഹുല്‍ ഈശ്വര്‍ തിങ്കളാഴ്ച ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ന് ജയിലിലേക്ക് പോയിരിക്കുന്നത്. അതിജീവിതയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പങ്കുവച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് രാഹുല്‍ ഈശ്വറിന് എതിരെ ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
ആദ്യം റിമാന്‍ഡിലായ സമയത്ത് ജയിലില്‍ നിരാഹാരസമരം രാഹുല്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലസെ ഇത് പിന്‍വലിച്ചു. ഇനി വീഡിയോകള്‍ ചെയ്യില്ലെന്നും പ്രസിദ്ധീകരിച്ച വീഡിയോകള്‍ പിന്‍വലിക്കാമെന്നും കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതുവരെ ഇക്കാര്യം പരിഗണിച്ചിട്ടില്ല.
കേസിലെ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍. നാലം പ്രതി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയറാണ്.
---------------
Hindusthan Samachar / Sreejith S