തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ബിജെപിയെ പ്രശംസിക്കുന്ന ശശി തരൂരിൻ്റെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനം
Thiruvananthapuram, 13 ഡിസംബര്‍ (H.S.) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം എം.പി. ശശി തരൂർ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമാകുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബിജെ
Localbody Election


Thiruvananthapuram, 13 ഡിസംബര്‍ (H.S.)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം എം.പി. ശശി തരൂർ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമാകുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബിജെപിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന തരൂരിൻ്റെ കുറിപ്പിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലായി യുഡിഎഫ് നേടിയ മികച്ച വിജയത്തിൽ ശശി തരൂർ അഭിനന്ദിച്ചു. സംസ്ഥാനത്തിൻ്റെ ജനാധിപത്യപരമായ വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.

കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച ഫലങ്ങൾ പുറത്തുവന്ന ഒരു അത്ഭുതകരമായ ദിവസമാണിത്. ജനവിധി വ്യക്തമാണ്, സംസ്ഥാനത്തിൻ്റെ ജനാധിപത്യ മനോഭാവം തുടർന്നും പ്രകാശിക്കും. കഠിനാധ്വാനവും ശക്തമായ സന്ദേശവും ഭരണവിരുദ്ധ വികാരവും 2020നേക്കാൾ മികച്ച ജയം നേടാൻ യുഡിഎഫിനെ സഹായിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബിജെപിക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്, തരൂർ പറഞ്ഞു.

തലസ്ഥാനത്തെ എൽഡിഎഫ് ദുർഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്നുള്ള ഒരു മാറ്റത്തിനായി ഞാൻ ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നത്. അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. യുഡിഎഫിനുള്ള മൊത്തത്തിലുള്ള അംഗീകാരമായാലും, എൻ്റെ മണ്ഡലത്തിലെ ബിജെപിയുടെ വിജയമായാലും ജനവിധി മാനിക്കപ്പെടണം. കേരളത്തിൻ്റെ ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും. ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളും, ശശി തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, കോണ്‍ഗ്രസിൻ്റെ ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേറ്ററായ താര ടോജോ അലക്സ് തരൂരിൻ്റെ പരാമർശങ്ങലെ ശക്തമായി വിമർശിച്ചു. കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുന്ന ഈ സമയത്ത്, ഒരു കോർപ്പറേഷനിൽ വിജയിച്ചതിന് ശശി തരൂർ ബിജെപിയെ അഭിനന്ദിക്കുന്നത് രാഷ്ട്രീയമല്ല, മറിച്ച് സെലക്ടീവായ ഹൈലൈറ്റിംഗാണ്. കേരളത്തിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം ബിജെപി രാഷ്ട്രീയത്തെ തള്ളിക്കളയുമ്പോൾ, അവരുടെ സമാശ്വാസ സമ്മാനം മാത്രം ഉയർത്തിക്കാട്ടുന്നത് ഈ നാട്ടിലെ ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുകയേയുള്ളൂ. നേതാക്കൾ ജനവിധി മാനിക്കണം. അല്ലാതെ അതിനെ വളച്ചൊടിക്കരുത്, താര വിമർശിച്ചു. തരൂരിൻ്റെ പോസ്റ്റിന് താഴെയാണ് അവർ പ്രതിഷേധം കമൻ്റായി രേഖപ്പെടുത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News