Enter your Email Address to subscribe to our newsletters

Delhi, 13 ഡിസംബര്‍ (H.S.)
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബി.ജെ.പി-എൻ.ഡി.എ.സഖ്യത്തിന് കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിജയത്തില്‍ തിരുവനന്തപുരം നഗരത്തിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-എൻ.ഡി.എ.ക്ക് വോട്ട് ചെയ്ത സംസ്ഥാനത്തുടനീളമുള്ള മുഴുവൻ ജനങ്ങള്‍ക്കും പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനില്‍ നേടിയ വിജയം ചരിത്രപരമാണ്. കേരളത്തില്‍ ആദ്യമായാണ് എൻ.ഡി.എ. ഒരു കോർപ്പറേഷൻ സ്വന്തമാക്കുന്നത്. ഇതിന് പുറമെ രണ്ട് മുനിസിപ്പാലിറ്റികളിലും 26 ഗ്രാമപ്പഞ്ചായത്തുകളിലും എൻ.ഡി.എ. മുന്നിട്ട് നില്‍ക്കുന്ന ചിത്രം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായിരുന്നു. ബി.ജെ.പി.ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണത്തില്‍ ‘പൊറുതിമുട്ടി’യെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഏക മാർഗ്ഗമായി കേരള ജനത എൻ.ഡി.എ.യെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ വികസനപരമായ അഭിലാഷങ്ങള്‍ പൂർത്തിയാക്കുവാൻ തങ്ങളുടെ പാർട്ടിക്കു മാത്രമേ സാധിക്കൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്കും അവിടുത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി ശക്തമായി പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പുനല്‍കി. കേരള രാഷ്ട്രീയത്തില്‍ ഇതാദ്യമായി എൻ.ഡി.എ. ഒരു കോർപ്പറേഷൻ ഭരണം ഉറപ്പിച്ച ഈ തിരഞ്ഞെടുപ്പ് ഫലം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള പാർട്ടിയുടെ മുന്നേറ്റത്തിന് ഊർജ്ജം പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR