Enter your Email Address to subscribe to our newsletters

Delhi, 13 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സമ്പൂർണ വിജയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിൻ്റെ വ്യക്തമായ സൂചനയാണെന്നും എക്സ് പോസ്റ്റിൽ കുറിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന പ്രതീക്ഷയും രാഹുൽ ഗാന്ധി പോസ്റ്റിലൂടെ പങ്കുവെച്ചു. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ രാഹുൽ ഗാന്ധി ഇത് നിർണായകവും ഹൃദയസ്പർശിയായതുമായ ജനവിധിയാണെന്നും കൂട്ടിച്ചേർത്തു.
കേൾക്കുകയും, പ്രതികരിക്കുകയും നിറവേറ്റുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്.കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങളറിയിച്ച രാഹുൽ ഈ വിജയം സാധ്യമാക്കിയ സമർപ്പണവും കഠിനാധ്വാനവും വഹിച്ച ഓരോ പാർട്ടി നേതാവിനും പ്രവർത്തകർക്കും ആത്മാർഥമായ നന്ദിയും പോസ്റ്റിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ എൽഡിഎഫ് കോട്ടകൾ പോലും തകർത്ത് അതിഗംഭീര വിജയത്തിലേക്കാണ് യുഡിഎഫ് നടന്നടുക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലായിടത്തും മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. എൽഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങൾ പോലും പൊളിച്ചടുക്കിയാണ് ഇത്തവണ യുഡിഎഫ് വിജയത്തിലേക്കെത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR