അധികാരത്തിൽ ഇരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തെളിഞ്ഞു; ഇത് 2026ലേക്കുള്ള ഇന്ധനം: ഷാഫി പറമ്പിൽ എംപി
Thiruvananthapuram, 13 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുംജയം കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചു. അതുപോലെയൊരു വിജയമാണ് യുഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വ
Shafi Paramabil


Thiruvananthapuram, 13 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുംജയം കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചു. അതുപോലെയൊരു വിജയമാണ് യുഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭാഗങ്ങളിൽ ഇടതുകോട്ട പൊളിച്ചടുക്കി കൊണ്ടുള്ള നേട്ടമാണ് യുഡിഎഫ് കരസ്ഥമാക്കിയത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും സർക്കാരിൻ്റെ വിലയിരുത്തൽ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിധിയെഴുത്താണ്. എല്ലായിടങ്ങളിലും യുഡിഎഫിന് മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണ് എന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

വിജയത്തിൽ ഒട്ടും അഹങ്കരിക്കാതെ കൊടുത്ത് വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. ഇത് 2026 ലേക്കുള്ള ഇന്ധനമാണ്. സണ്ണി ജോസഫ് നേതൃപരമായ പങ്കു വഹിച്ചു. പ്രതിപക്ഷ നേതാവിൻ്റെ കഠിനാധ്വാനം ഗുണമായി. മുസ്ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകർന്നു എന്നും ഷാഫി പറഞ്ഞു.

കോഴിക്കോട് സിപിഐഎമ്മിന് ജനങ്ങൾ നൽകിയ നിരുപാധിക പിന്തുണക്ക് ജനങ്ങൾക്ക് തിരിച്ചൊന്നും നൽകിയില്ല. അതിനുള്ള മറുപടി കൂടിയാണ് ഈ വിജയം. വടകരയിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വടകരയിൽ ചരിത്ര മുന്നേറ്റമുണ്ടായി എന്നും ഷാഫി വ്യക്തമാക്കി.

സിപിഐഎമ്മിൻ്റെ കുത്തക പഞ്ചായത്തുകളിൽ പോലും ചരിത്ര വിജയം നൽകി. വീക്ക് ആയ സ്ഥലങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കി. ടിപിയുടെ ഘാതകരെ തുറന്നു വിടാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ കൂടിയുള്ള വിധിയെഴുത്താണിത്. ബിജെപിക്ക് കേരളത്തിലുണ്ടായ നേട്ടത്തിന് നരേന്ദ്ര മോദിയോടല്ല, പിണറായി വിജയനോടാണ് നന്ദി പറയേണ്ടത് എന്നും ഷാഫി കൂട്ടിച്ചേർത്തു.

അമ്പലകള്ളന്മാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞവരിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ഔദാര്യം കൊടുത്ത പോലെയുള്ള പ്രതികരണമാണ് എം. എം. മണിയിൽ നിന്നുണ്ടായത്. ആരുടെയും തറവാട്ട് സ്വത്തിൽ നിന്നല്ല, ക്ഷേമ പെൻഷൻ കൊടുത്തത്. അധികാരം തലക്കടിച്ച പെരുമാറ്റം ആണ് ഉണ്ടാകുന്നത്. വാങ്ങി ശാപ്പാട് അടിക്കാൻ കൊടുത്താൽ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ വിലകുറച്ച് കണ്ടുവെന്നും ഷാഫി വ്യക്തമാക്കി.

ബിജെപിക്ക് ചിലയിടങ്ങളിൽ ഉണ്ടായ മുന്നേറ്റത്തിന് സിപിഐഎം മറുപടി പറയണം. ബിജെപിക്ക് വേണ്ടി സിപിഐഎം സീറ്റ് വെട്ടിമുറിച്ച് കൊടുത്തു. തിരുവനന്തപുരത്ത് ഞങ്ങൾ നില മെച്ചപ്പെടുത്തി. ബിജെപി വളർച്ചക്ക് സിപിഐഎം സഹായം ചെയ്തു. ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ അവർ മുൻപ് എടുത്ത നിലപാട് ജനങ്ങൾ മറന്നിട്ടില്ല. പദവിക്ക് നിരക്കാത്ത പ്രസ്താവന മുഖ്യമന്ത്രി നടത്തി. രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് ആ വിഷയത്തിൽ സ്റ്റാൻഡ് എടുത്തു. വെൽഫെയർ പാർട്ടി ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സഖ്യം ഉണ്ടായിട്ടില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News