Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഡിസംബര്‍ (H.S.)
കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍, നിർണ്ണായക വിജയങ്ങളിലൂടെ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രമുഖ സ്ഥാനാർത്ഥികളെ വീഴ്ത്തിയും കുത്തക വാർഡുകള്‍ പിടിച്ചെടുത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് ഇത്തവണ ബിജെപി കാഴ്ചവെച്ചിരിക്കുന്നത്.
നിലവിലെ മേയർ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തതാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. കഴിഞ്ഞ തവണ 652 വോട്ടുകള്‍ക്ക് മേയർ വിജയിച്ച ഈ ഡിവിഷനില്‍, ഇത്തവണ ബിജെപി കൗണ്‍സിലർ ടി. രനീഷ് വിജയം ഉറപ്പിച്ചു.
എല്‍ഡിഎഫിന്റെ അഡ്വ. അങ്കത്തില്‍ അജയ് കുമാറിനെ പരാജയപ്പെടുത്തിയാണ് രനീഷ് നിർണ്ണായക വിജയം നേടിയത്. ഇതിനുപുറമെ, പുതുതായി നിലവില്‍ വന്ന മാവൂർ റോഡ് ഡിവിഷനിലും ബിജെപി സ്ഥാനാർത്ഥി ശ്രീജ സി നായർ വിജയിച്ചത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
കോണ്‍ഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച പി.എം. നിയാസിന് സ്വന്തം വാർഡ് നിലനിർത്താൻ കഴിഞ്ഞില്ലെന്നതും യുഡിഎഫിന് കനത്ത തിരിച്ചടിയായി. പാറോപ്പടി ഡിവിഷനില്‍ മത്സരിച്ച നിയാസിനെ പരാജയപ്പെടുത്തി ബിജെപിയുടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്. ഇത് യുഡിഎഫ് ക്യാമ്ബിന് അപ്രതീക്ഷിത ആഘാതമായി.
യുഡിഎഫിന്റെ കുത്തക മണ്ഡലമായി അറിയപ്പെട്ടിരുന്ന ചാലപ്പുറം വാർഡ് ബിജെപി പിടിച്ചെടുത്തത് പ്രതിപക്ഷത്തിന് വലിയ നാണക്കേടുണ്ടാക്കി. ബിജെപി സ്ഥാനാർത്ഥിയായ അനില്‍കുമാർ കെ.പി.യാണ് ഇവിടെ വിജയിച്ചത്. ഈ വാർഡ് യുഡിഎഫ് സഖ്യത്തില്‍ സിഎംപിക്ക് നല്‍കിയതില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ 12 പേർ പാർട്ടി വിട്ട് രാജിവെക്കുകയും, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. അയൂബ് വിമതനായി മത്സരിക്കുകയും ചെയ്തത് യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കാൻ കാരണമായി. സിഎംപിയുടെ വി. സജീവായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ 113 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി. ഉഷാദേവി ടീച്ചറാണ് ഇവിടെ വിജയിച്ചിരുന്നത്.
ബിജെപിയുടെ ഈ മുന്നേറ്റം കോർപ്പറേഷൻ ഭരണത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതിനൊപ്പം, പരമ്ബരാഗത വോട്ടുബാങ്കുകളിലെ ചോർച്ച തടയാൻ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്ക് ഇനിയും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നും വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR