Enter your Email Address to subscribe to our newsletters

Idukki, 13 ഡിസംബര്‍ (H.S.)
തിരഞ്ഞെടുപ്പ് തോൽവിയിൽ വോട്ടർമാരെ വിമർശിച്ച് എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരെ വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നത്. ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു. എം എം മണി പറഞ്ഞു. വികസന പ്രവർത്തനങ്ങളും പെൻഷനും കൈപ്പറ്റിയവർ മുന്നണിക്കെതിരെ വോട്ട് ചെയ്തത് നന്ദികേടാണെന്നാണ് മുൻമന്ത്രി കൂടിയായ എം എം മണിയുടെ വിമർശനം.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായതിൻ്റെ കാരണം പാർട്ടി എന്ന നിലയിലും മുന്നണി എന്ന നിലയിലും വിശദമായി പരിശോധിക്കുമെന്ന് എം എം മണി പറഞ്ഞു. വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുകയാണെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ നന്ദികേട് കാണിച്ചോ എന്ന ചോദ്യത്തിന് പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ? എന്നും അദ്ദേഹം ചോദിച്ചു. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ലെന്നും, അതൊക്കെ പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജാക്കാട് പഞ്ചായത്തിലുൾപ്പടെ ഭരണം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെ'ന്നും അദ്ദേഹം പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S