Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ഡിസംബര്‍ (H.S.)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സി.പി.എം. എല്ലാ ഘട്ടങ്ങളിലും ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് പാര്‍ടി മുന്നോട്ടുപോയിട്ടുള്ളത്. അതിലൂടെ കൂടുതല്‍ വിശ്വാസമാര്‍ജ്ജിച്ച് തിരിച്ചുവന്ന ചരിത്രമാണ് പാര്‍ടിക്കുള്ളത്.
2010-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 6 ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ഇപ്പോള്‍ അത് ഏഴായി വര്‍ദ്ധിച്ചിട്ടുണ്ട്. 2010-ല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 59 ഇടത്താണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. ഇപ്പോഴത് 77 ആയി മാറിയിട്ടുണ്ട്. 2010-ല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് 360 എണ്ണത്തിലാണ് വിജയമുണ്ടായത്. 343 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 70 എണ്ണത്തിന്റെ തുല്യത കൂടി കണക്കിലെടുത്താല്‍ അക്കാലവുമായി താരതമ്യം ചെയ്താല്‍ വലിയ തിരിച്ചടിയേറ്റില്ലെന്ന് മനസ്സിലാവും.
2010-ല്‍ മുന്‍സിപ്പാലിറ്റികളില്‍ എല്‍.ഡി.എഫിന് 17 എണ്ണമാണ് വിജയിക്കാനായത്. ഇപ്പോഴത് 28 ആയി മാറിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കാതെ പോയത്. എല്‍.ഡി.എഫ് തകര്‍ന്നിരിക്കുന്നുവെന്നുള്ള പ്രചരണം യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാത്തതുകൊണ്ട് ഉണ്ടായിട്ടുള്ളതാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി പരസ്യമായും, രഹസ്യമായും കൂട്ടുചേര്‍ന്നുകൊണ്ടാണ് യു.ഡി.എഫ് മത്സരിച്ചത്. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിനും തിരിച്ച് യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ വോട്ടുകളും, പ്രചരണങ്ങളും യു.ഡി.എഫിന് സഹായക മായി. ഇത് സൃഷ്ടിച്ച ചര്‍ച്ചകള്‍ ബി.ജെ.പിക്കും സഹായകമായി.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ വിജയമുണ്ടായി എന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിട്ടുണ്ടെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടായില്ല. നേരത്തെ ബി.ജെ.പി വിജയിച്ച പന്തളം മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫ് തിരിച്ചു പിടിച്ചു. പാലക്കാട് മുന്‍സിപ്പാലിറ്റിയിലാവട്ടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു. കുളനട, ചെറുകോല്‍, മുത്തോലി പഞ്ചായത്തുകള്‍ ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കേരളത്തിലാകെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനം മാത്രമാണ് ബി.ജെ.പിക്കുള്ളത്. ഇതാവട്ടെ നേരത്തെ നിലവിലുള്ളതാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. വിജയിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായ പോരായ്മകള്‍ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നും പ്രത്യേകമായി പരിശോധിക്കും.
സമാനതകളില്ലാത്ത നിരവധി നേട്ടങ്ങള്‍ സൃഷ്ടിച്ച് നവകേരളത്തിലേക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. എങ്കിലും അതിന്റെ നേട്ടങ്ങള്‍ ഫലത്തില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കും.
സംഘടനാ തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകളും, ചിന്തകളും മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെട്ട് കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിക്കും. ഇതിനായുള്ള ഇടപെടല്‍ സര്‍ക്കാര്‍ തലത്തിലും, ഭരണ തലത്തിലും നടപ്പിലാക്കുന്നതിന് ഇടപെടും. ആഴത്തിലുള്ള കൂടുതല്‍പരിശോധന നടത്തി ആവശ്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S