Enter your Email Address to subscribe to our newsletters

Hydrabad, 13 ഡിസംബര്‍ (H.S.)
ഗോട്ട് ടൂറിന്റെ ഭാഗമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഹൈദരാബാദില്‍. താജ് ഫലക്‌നുമ പാലസിലെത്തിയ മെസ്സിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വീകരിച്ചു. ശനിയാഴ്ച രാത്രി 7.50-ഓടെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച പ്രദര്‍ശന മത്സരത്തോടെയാണ് ഹൈദരാബാദിലെ പരിപാടികള്‍ക്ക് തുടക്കമായത്.
സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്. പ്രദര്‍ശന മത്സരത്തിന് മുന്നോടിയായി കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കിയ മെസ്സി പിന്നാലെ രേവന്ത് റെഡ്ഡിക്കൊപ്പം പന്തുതട്ടി. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പം പങ്കുചേര്‍ന്നു.
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കാനെത്തി. മെസ്സിയുടെ കരിയറിലെ നേട്ടങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടുള്ള സംഗീത നിശയോടെയാണ് ഹൈദരാബാദിലെ പരിപാടി സമാപിക്കുക. ശനിയാഴ്ച പുലര്‍ച്ചെ 2.30-നാണ് മൂന്നു ദിവസത്തെ പര്യടനത്തിനായി മെസ്സി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങളാണ് ടൂറിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നത്.
ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ആദ്യദിനം കൊല്‍ക്കത്തയിലെത്തിയ മെസ്സിക്കായി കാത്തിരുന്ന കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. മെസ്സി അധികസമയം ഗ്രൗണ്ടില്‍ ചെലവഴിച്ചിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കനത്ത സുരക്ഷാ വലയത്തിലുമായിരുന്നു മെസ്സി ഗ്രൗണ്ടില്‍ നിന്നത്. ഇതോടെ ഗാലറിയില്‍ ടിക്കറ്റെടുത്ത് മെസ്സിയെ കാണാന്‍ കാത്തിരുന്നവര്‍ക്ക് ശരിയാംവിധം കാണാനായില്ല. പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങള്‍ എറിയുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S