Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തൃശൂർ ചെമ്പുചിറ ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനി അപ്പാർട്ട്മെന്റിൽ കെ സതീഷ് (55 ) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സതീഷിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തു. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും, രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തീവ്രമായ ദുഃഖത്തിലും മനുഷ്യത്വത്തിന്റെ മഹത്തായ പാഠം പകർന്നുനൽകിയ സതീഷിന്റെ കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. സതീഷിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
2025 ഡിസംബർ എട്ടിന് രാവിലെ 10.30നാണ് അപകടം നടന്നത്. തിരുവനന്തപുരം എ ജി ഓഫീസിനു സമീപത്തു സതീഷ് സഞ്ചരിച്ച സ്കൂട്ടറിനെ ഒരു കാർ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ ഡിസംബർ 12-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഭാര്യ മമതയും മക്കളായ യദു എം സതീഷ്, ദയ എം സതീഷ് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരായി. മമത എ എസ് ഐയായി (സെക്രട്ടേറിയേറ്റ്)
ജോലി ചെയ്യുന്നു. സതീഷ് മരണാനന്തര അവയവദാനത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടുംബാംഗങ്ങൾ അറിയിച്ചു.കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ഏകോപനത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
---------------
Hindusthan Samachar / Sreejith S