Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ (18 പന്തില്‍ 33), ശുഭ്മന്‍ ഗില്‍ (28 പന്തില്‍ 28), സൂര്യകുമാര്‍ യാദവ് എന്നിവരാണ് പുറത്തായത്. ശിവം ദുബെ ( 4 പന്തില്‍ 10 ) തിലക് വര്‍മ (34 പന്തില്‍ 25 ) എന്നിവര്‍ പുറത്താകാതെ നിന്നു.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പതിവുശൈലിയില്‍ അഭിഷേക് നിറഞ്ഞാടിയതോടെ അതിവേഗം സ്കോറുയര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി മാര്‍കോ യാൻസനും കോര്‍ബിന്‍ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ശുഭ്മന്‍ ഗില്‍ രണ്ടക്കം കടന്നെങ്കിലും പതിയെയായിരുന്നു സ്കോറിങ്.
ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്താവുകയായിരുന്നു. 46 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും കളത്തിലിറങ്ങി.
---------------
Hindusthan Samachar / Roshith K