Enter your Email Address to subscribe to our newsletters

Kollam, 14 ഡിസംബര്‍ (H.S.)
കൊല്ലം കോര്‍പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ട കൊല്ലത്ത് ഉണ്ടായ തിരിച്ചടി, ഒരു നഗരസഭാ ഫലത്തില്‍ ഒതുങ്ങുന്നതല്ലെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള മുന്നറിയിപ്പാണെന്നും ആണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.
വോട്ടര്‍മാരിലെ രാഷ്ട്രീയം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരം, പ്രാദേശിക വിഷയങ്ങളിലെ മെല്ലെ പോക്ക്, സംഘടനാ ദൗര്‍ബല്യം എന്നിവയാണ് തിരിച്ചടിയായതെന്നാണ് ഇടതു ക്യാംപിലെ വിലയിരുത്തല്‍. നഗരത്തിലെ മാലിന്യ സംസ്‌കരണം, റോഡ് വികസനം, കുടിവെള്ള പ്രശ്‌നം, തീരദേശ മേഖലകളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളില്‍ കോര്‍പറേഷന്‍ സ്വീകരിച്ച നിലപാടുകള്‍ എന്നിവ വോട്ടില്‍ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.
എല്‍ഡിഎഫിന് അകത്തെ ആഭ്യന്തര തര്‍ക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും തിരിച്ചടിയായി. ചില വാര്‍ഡുകളില്‍ പ്രവര്‍ത്തകരുടെ അനൈക്യവും പ്രകടമായിരുന്നു. പരാജയത്തെ കുറിച്ച് പഠിക്കുമെന്നും വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹന്‍ പറഞ്ഞു.
കൊല്ലം കോര്‍പറേഷന്‍ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്ക എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. ജനകീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലിലൂടെയും, പ്രാദേശിക ഭരണത്തില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തിയും മാത്രമേ ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാന്‍ കഴിയൂ എന്ന സന്ദേശമാണ് കൊല്ലം എല്‍ഡിഎഫിന് നല്‍കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR