Enter your Email Address to subscribe to our newsletters

Thrissur, 14 ഡിസംബര്‍ (H.S.)
അടിമുടി തിരിച്ചടി നേരിട്ട് എൽഡിഎഫ്. തൃശൂർ കോർപ്പറേഷനിൽ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിനോട് പരാജയപ്പെട്ടതിനൊപ്പം എൻഡിഎയുടെ സീറ്റ് വർധിച്ചതും മുന്നണിക്ക് പ്രതിസന്ധിയായി. 17 പഞ്ചായത്തുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഒൻപതു ജില്ലാ പഞ്ചായത്തു ഡിവിഷനുകളും അധികമായി നേടിയാണ് യുഡിഎഫ് ജില്ലയിൽ എൽഡിഎഫിനെ മറികടന്ന് കരുത്ത് തെളിയിച്ചത്.
പ്രാദേശിക വിഷയങ്ങളും വികസന പ്രശ്നങ്ങളും മുതൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ വരെ. തൊട്ടിടത്തെല്ലാം വീഴ്ച സംഭവിച്ചതോടെയാണ് സാംസ്കാരിക തലസ്ഥാനത്തും എൽഡിഎഫ് അമ്പേ പിന്നോട്ട് പോയത്. കാരണങ്ങൾ തിരഞ്ഞാൽ മുന്നണിക്കുള്ളിൽ നിന്നും വേറെയും ഉത്തരങ്ങൾ ഉണ്ടാകും. മുൻ എംഎൽഎ അനിൽ അക്കരയിലൂടെ അടാട്ടു പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു.
10 വർഷങ്ങൾക്ക് ശേഷം തൃശൂർ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെട്ട എൽഡിഎഫിന് കോൺഗ്രസ് വിജയിച്ച 33 ഡിവിഷനുകളേക്കാൾ തലവേദന ഉണ്ടാക്കുന്നത് ബിജെപി നഗരത്തിൽ ഉണ്ടാക്കിയ മുന്നേറ്റമാണ്. മുസ്ലിം വനിതയെ സ്ഥാനാർഥിയാക്കി അവർ നേടിയ വിജയം ആശങ്കയോടെയാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വം നോക്കി കാണുന്നത്.
ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽഡിഎഫ് 45 ഇടങ്ങളിലും യുഡിഎഫ് 33 ഇടങ്ങളിലും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ടോസിലൂടെ വിജയിക്കുകയും പിന്നീട് ഭരണം നഷ്ടപ്പെടുകയും ചെയ്ത തിരുവില്വാമല പഞ്ചായത്തിൽ ബിജെപി ജയിച്ചു. അതേസമയം എൽഡിഎഫും യുഡിഎഫും തുല്യനിലയിൽ എത്തിയ കൊടകര ,അരിമ്പൂർ , മറ്റത്തൂർ പഞ്ചായത്തുകളുടെ ഭരണം ആർക്കെന്ന് നിശ്ചയിക്കാൻ ഇനിയും കാത്തിരിക്കണം. എന്നാൽ മുന്നണിക്ക് നിലനിന്നിരുന്ന ആധിപത്യത്തിന് തടയിട്ട് എൻഡിഎ മുന്നേറ്റം ഉണ്ടാക്കിയ വല്ലച്ചിറ , തളിക്കുളം , പാറളം ,അവിണ്ണിശ്ശേരി , പഞ്ചായത്തുകളും എൽഡിഎഫിൻ്റെ പരാജയത്തിൻ്റെ ആഘാതം ഇരട്ടിയാക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR