Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിത്തറ ഇളകിയെന്നും മാണി വിഭാഗത്തിന് കോട്ടയത്തിന് പുറത്ത് സാന്നിധ്യമില്ലാതായെന്നും കേരള കോണ്‍ഗ്രസ് (ജെ) അധ്യക്ഷന്‍ പി.ജെ. ജോസഫ് പറഞ്ഞു.
പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അടിപതറി. മാണി വിഭാഗം സര്‍ക്കാരിന്റെ ഏറാന്‍മൂളികളായി മാറിയെന്നും പിജെ ജോസഫ് വിമര്‍ശിച്ചു. സ്വര്‍ണക്കൊള്ളയില്‍ ഒരു എതിരഭിപ്രായം പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് ശരിയെന്ന് വോട്ടര്‍മാര്‍ വിലയിരുത്തിയെന്നും പി.ജെ. ജോസഫ് പറഞ്ഞു.
റോഷി അഗസ്റ്റിന്റെ മണ്ഡലത്തില്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ പോലും മാണി വിഭാഗത്തിന് ജയിക്കാന്‍ കഴിഞ്ഞില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കാറ്റുമാറി വീശിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ പോയ പ്രതാപം തിരിച്ചുപിടിക്കാമെന്നായിരുന്നു മാണി വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഇവിടെ നേരിടേണ്ടി വന്നത്. പാലാ മുനിസിപ്പാലിറ്റിയില്‍ പോലും വ്യക്തമായ ആധിപത്യം കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചില്ല. മുത്തോലി, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകളില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR