Enter your Email Address to subscribe to our newsletters

Pathanamthitta, 14 ഡിസംബര്‍ (H.S.)
പന്തളം നഗരസഭയിൽ ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൽഡിഎഫിന് പതിനാലും യുഡിഎഫിന് പതിനൊന്നും ബിജെപിക്ക് ഒമ്പതും സീറ്റുകൾ ലഭിച്ചു. തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി ക്യാമ്പ്.
സംസ്ഥാനത്ത് നടത്തിയ വലിയ മുന്നേറ്റത്തിനിടെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് പന്തളം നഗരസഭയിലെ തോൽവി. മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന നഗരസഭയിൽ ബിജെപി ഇക്കുറി അടി തെറ്റി മൂന്നാം സ്ഥാനത്തേക്ക് വീണു. പതിനെട്ടിൽ നിന്നു നേർപകുതിയായി ഒൻപത് സീറ്റിലേക്ക് കൂപ്പുകുത്തി.
പഴയ ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും വൈസ് ചെയർപേഴ്സണും ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം തോറ്റു. ഭരണം ലഭിച്ചതു മുതലുള്ള തമ്മിൽ തല്ലും ഭരണ പരാജയവും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞതവണ ശബരിമല യുവതീ പ്രവേശനം മുതലാക്കിയ ബിജെപി, ഇത്തവണ സ്വർണക്കൊള്ള ഉയർത്തിക്കാട്ടിയെങ്കിലും ഏശിയില്ല. വോട്ടർമാർ ഇടതിനൊപ്പം നിന്നു.
പാതിവഴിയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നേരിടാതെ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കേണ്ടി വന്നതും തുടർന്നുള്ള അവിശ്വാസ പ്രമേയ ദിവസത്തെ ഓപ്പറേഷൻ കമലയെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനങ്ങളും വോട്ടർമാർ മറന്നിരുന്നില്ല. പന്തളത്ത് ശ്‌മശാനം എന്ന നീണ്ടകാലത്തെ ആവശ്യം ഭരണസമിതി കേട്ടഭാവം നടിച്ചില്ല. അഴിമതി, പ്രഖ്യാപിക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ വേറെ. അടിസ്ഥാന സൗകര്യ വികസനം പോലും നടപ്പാക്കാൻ കഴിയാത്ത ഭരണസമിതി കൂടിയായപ്പോൾ പരാജയം സമ്പൂർണമായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR