Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിലൂടെ സംസ്ഥാന കോൺഗ്രസിൽ അജയ്യനായി വി.ഡി. സതീശൻ. വി.ഡി. സതീശൻ്റെ കണക്കുകൂട്ടലുകളൊന്നും ഇത്തവണ പിഴച്ചില്ല. ഇത് കൂട്ടായ്മയുടെ വിജയമാണെന്ന് വിശേഷിപ്പിച്ച സതീശൻ എഐസിസിക്കും കെപിസിസിക്കും ടീം യുഡിഎഫിനും നന്ദി പറയാനും മറന്നില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം എന്ന കാര്യം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.
വിജയിച്ചാൽ ക്രെഡിറ്റ് എല്ലാവർക്കുമുണ്ടാകും തോറ്റാൽ അതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രം. ഇതായിരുന്നു വി.ഡി. സതീശൻ്റെ നിലപാട്. തൃക്കാക്കരയിൽ തുടങ്ങി തദ്ദേശ തെരഞ്ഞെടുപ്പ് വരെ വെന്നിക്കൊടി പാറിച്ച വി.ഡി. സതീശൻ എന്നാ വി.ഡിയുടെ നേതൃ പാടവം. ചെറുതായി ഒന്ന് പാളിയത് ചേലക്കരയിൽ മാത്രമാണ്. അപ്പോഴും അതിന്റെ ഉത്തരവാദിത്തവും സതീശൻ എന്ന പ്രതിപക്ഷ നേതാവ് ഏറ്റെടുത്തു. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് തിളക്കമാർന്ന വിജയം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസം എന്ന കാര്യം ആവർത്തിക്കുകയാണ് അദ്ദേഹം. ഇത് മറ്റു നേതാക്കൾക്കുള്ള മുന്നറിയിപ്പാണ്.
ചില കാര്യങ്ങളിൽ കർക്കശക്കാരനാണ്. ധാർഷ്ട്യമെന്ന് പറയിപ്പിക്കും. പക്ഷെ സ്വയം ബോധ്യപ്പെടുന്ന കാര്യങ്ങളിൽ അണുവിട വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല സതീശൻ. അതിപ്പോൾ താൻ കൈപിടിച്ചു കൊണ്ടുവന്ന ആളുകളുടെ കാര്യത്തിൽ ആണെങ്കിൽപ്പോലും. ലൈംഗിക അതിക്രമ പരാതി ഉയർന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് തുടക്കം മുതൽ പറയുകയും അതിനായി നിലകൊള്ളുകയും ചെയ്ത നേതാവാണ് വി.ഡി. സതീശൻ.
നേതൃത്വം ചിലപ്പോഴൊക്കെ മറുഭാഗത്ത് അണിനിരന്നപ്പോഴും വി.ഡി. സതീശൻ തെല്ലും അനങ്ങിയില്ല. സ്ത്രീപക്ഷ നിലപാടിൽ ഉറച്ചുനിന്നു ആ നിലപാട് ഒടുവിൽ എത്തിയത് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കും വരെ. അതുകഴിഞ്ഞുള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ കണ്ണഞ്ചിപ്പിക്കും വിജയം.
നാലു കോർപ്പറേഷൻ കിട്ടുമെന്ന് പറഞ്ഞു ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം പോരും എന്ന് പറഞ്ഞു വി.ഡിയുടെ വാക്കുകൾ ഇവിടെയും തെറ്റിയില്ല. പറഞ്ഞത് താൻ ആണെങ്കിൽ നയിച്ചത് താൻ ആണെങ്കിൽ അത് പ്രവർത്തിപഥത്തിൽ കൊണ്ടെത്തിക്കാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കാണിച്ചു പ്രതിപക്ഷ നേതാവ്. ഇതോടെ ചോദ്യംചെയ്യാൻ ആകാത്ത വിധം കരുത്തനായി പാർട്ടിക്കുള്ളിൽ വി.ഡി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR