Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഡിസംബര്‍ (H.S.)
വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേർക്കർ. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസർക്കാണെന്ന് കണ്ണൂർ വിസി നിയമനത്തിൽ കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.യുജിസി , സർവകലാശാല ചട്ടങ്ങളിലും ഇക്കാര്യം വ്യക്തമാണ്.
എന്നാൽ ഇപ്പോൾ വിസി നിയമനത്തിൽ സുപ്രീംകോടതി ഇടപെടുന്നത് ശരിയല്ലെന്നും ഭരണഘടന സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും നാളെ തെരഞ്ഞടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കുമെന്നുമാണ് ഗവർണറുടെ പരസ്യ വിമർശനം. തിരുവനന്തപുരത്ത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം പി. സദാശിവത്തിന് സമ്മാനിക്കുന്ന ചടങ്ങിലാണ് ഗവർണർ വിമർശനം ഉന്നയിച്ചത്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിലാകാത്ത സാഹചര്യത്തിൽ വിസി മാരെ നിയമിക്കാൻ സുപ്രീം കോടതി നേരിട്ട് തയ്യാറെടുക്കുന്നതിനിടയിലാണ് നടപടിയിൽ ഗവർണർ അമർഷം പ്രകടമാക്കിയത്.സർക്കാരിനെയും ഗവർണറെയും മറികടന്ന് സ്വന്തം നിലയ്ക്ക് നിയമനം നടത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സീൽ ചെയ്ത കവറിൽ ഒറ്റ പേര് സമർപ്പിക്കാൻ സെർച്ച് കമ്മിറ്റി അധ്യക്ഷന് നിർദേശം നൽകി. ധൂലിയ നൽകുന്ന പട്ടിക സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.സമവായത്തിലെത്താൻ പലതവണ നിർദ്ദേശം നൽകിയിട്ടും ഫലം കാണാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ കർശന നിലപാട്.വിസി നിയമനത്തിനായി സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റി അധ്യക്ഷൻ റിട്ടയേർഡ് ജസ്റ്റിസ് സുധാംശു ധൂലിയക്കാണ് പേര് സമർപ്പിക്കാനുള്ള ചുമതല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR