Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: പാർട്ടി ആസ്ഥാന മന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന വാർഡുകളിൽ രാശിയില്ലാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റർ ഉൾപ്പെട്ട പാളയം വാർഡിലും പഴയ എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന കുന്നുകുഴി വാർഡിലും ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവൻ സ്ഥിതിചെയ്യുന്ന തമ്പാനൂർ വാർഡിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവൻ സ്ഥിതിചെയ്യുന്ന ശാസ്തമംഗലം വാർഡിൽ ബി.ജെ.പിയും വിജയിച്ചു.
കുന്നുകുഴി തിരിച്ചുപിടിക്കാൻ മുൻ കൗൺസിലറായ ഐ.പി. ബിനുവിനെയാണ് സി.പി.എം ഇറക്കിയിരുന്നത്. എന്നാൽ, സീറ്റ് കോൺഗ്രസിലെ മേരി പുഷ്പം തന്നെ നിലനിറുത്തി. പാളയം വാർഡിൽ കോൺഗ്രസിലെ എസ്. ഷേർളി സി.പി.എമ്മിലെ റീന വില്യംസിനെ പരാജയപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് പാളയം വാർഡിലാണ്.ശാസ്തമംഗലം വാർഡിൽ ആർ. ശ്രീലേഖ സി.പി.എമ്മിലെ ആർ.അമൃതയെ പരാജയപ്പെടുത്തിയപ്പോൾ യു.ഡി.എഫിന്റെ എസ്.സരളാറാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോൺഗ്രസിൽ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ തമ്പാനൂർ സതീഷായിരുന്നു മാരാർജി ഭവൻ സ്ഥിതിചെയ്യുന്ന തമ്പാനൂർ വാർഡിലെ സ്ഥാനാർത്ഥി. കോൺഗ്രസിലെ ഹരികുമാർ വിജയിച്ചപ്പോൾ തമ്പാനൂർ സതീഷ് മൂന്നാം സ്ഥാനത്തായി.ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നന്ദൻകോട് വാർഡിൽ കോൺഗ്രസ് എസിലെ പാളയം രാജനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ക്ലീറ്റസാണ് വിജയിച്ചത്.
---------------
Hindusthan Samachar / Roshith K