Enter your Email Address to subscribe to our newsletters

Ernakulam , 14 ഡിസംബര്‍ (H.S.)
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തമ്മിൽ പണമിടപാട് തെളിയിക്കാനായില്ലെന്ന് കോടതി. സുനിക്ക് നാദിർഷ പണം നൽകിയതിനും തെളിവില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. 2015 ൽ പൾസർ സുനിക്ക് ദിലീപ് പണം നൽകിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ നൽകിയിരുന്നുവെന്നും, സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അതേ ദിവസം തന്നെ ആ പണം എത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ പണം ദിലീപ് നൽകിയതാണെന്നതിന് തെളിവില്ലെന്നാണ് ഉത്തരവിലുള്ളത്. തൊടുപുഴയിൽ വച്ച് നാദിർഷ 30,000 രൂപ സുനിക്ക് നൽകിയതിനും തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
അതേസമയം ഹാഷ് വാല്യൂ വിൽ ഉണ്ടായ മാറ്റം ദൃശ്യങ്ങളിൽ കൃത്രിമം നടന്നു എന്നതിന് തെളിവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹാഷ് വാല്യൂവിലുണ്ടായ മാറ്റം അതിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്നതിന്റെ സൂചനയല്ല. ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും കോടതി വ്യക്തമാക്കി. നിർണായകമായ ഈ തെളിവ് പരിഗണിച്ചാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ലെന്ന് ഉത്തരവിൽ അന്വേഷണ ഉദ്യോഗസ്ഥന് വിമർശനമുണ്ട്. 2020 ജനുവരിയിൽ തന്നെ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറൻസിക് ലാബിൽ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.സുനിൽ കൃത്യമായി കോടതിയെ അറിയിച്ചില്ല. അന്ന് തന്നെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനും അറിവുണ്ടായിരുന്നു.എന്നാൽ 2022-ൽ മാത്രമാണ് താൻ ഇതറിഞ്ഞതെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസ് വീണ്ടും സജീവമാക്കാൻ പൊലീസ് നടത്തിയ നാടകമായിരുന്നു ഇതെന്നാണ് ഉത്തരവിലെ പരോക്ഷ വിമർശനം.
---------------
Hindusthan Samachar / Roshith K