Enter your Email Address to subscribe to our newsletters

Idukki, 14 ഡിസംബര്‍ (H.S.)
ഇടുക്കി: ക്ഷേമപെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന വിവാദ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. ഇന്നലെ താന്‍ ആ സമയത്തെ വികാരത്തില്‍ പറഞ്ഞുപോയതാണെന്ന് കരുതിയാല്‍ മതിയെന്നും അത് വേണ്ടായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തന്റെ പരാമർശം അനുചിതമായി പോയെന്നും, അനുചിതമായ പരാമര്‍ശമായിപ്പോയെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നിലപാട് തന്നെയാണ് ശരിഎന്നും മണി കൂട്ടിച്ചേർത്തു . താനും ആ നിലപാടിനൊപ്പം തന്നെയാണെന്നും അതാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പുവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളൊന്നും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണവുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ തിരഞ്ഞെടുപ്പ് ഫലത്തോട് യോജിപ്പില്ല. അതേസമയം വിമര്‍ശനങ്ങളെ താന്‍ അംഗീകരിക്കുന്നുണ്ടെന്നും എം എം മണി പറഞ്ഞു.
അവര്‍ കൊടുക്കാത്തത് ഇടതുപക്ഷ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ ഉത്തരമില്ലാത്തതിനാൽ പ്രതിപക്ഷം വിവരക്കേടുകൾ പറയുകയാണ് . ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ ആളുകളെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Roshith K